വയോധികനെ ഇടിച്ച് നിർത്താതെപോയ ബൈക്ക് റൈഡർ പിടിയിൽ
1491526
Wednesday, January 1, 2025 4:31 AM IST
കൽപ്പറ്റ: വയോധികനെ ഇടിച്ച് നിർത്താതെ പോയ സ്പോർട്സ് ബൈക്കും ബൈക്ക് ഓടിച്ച അരുണാചൽ സ്വദേശിയായ റൈഡറേയും ഊട്ടിയിൽനിന്ന് കൽപ്പറ്റ പോലീസ് പിടികൂടി. ഇന്നലെ രാവിലെയാണ് ഊട്ടിയിൽനിന്ന് അരുണാചൽ പ്രദേശ്, വെസ്റ്റ് സിയാംഗ് ജില്ലയിലെ ആലോ സ്വദേശി ന്യാകി ലോല്ലൻ (27) നേയും ഇയാൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തത്. ഇയാൾ അരുണാചലിലേക്ക് രക്ഷപ്പെടുന്പോഴാണ് പിടിയിലായത്.
ഡിസംബർ പതിനെട്ടിന് വൈകുന്നേരം നാലോടുകൂടി കൽപ്പറ്റ പഴയ സ്റ്റാൻഡ് പരിസരത്താണ് സംഭവം. ബസിനെ ഇടതു വശത്തൂടെ മറികടന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് വഴിയാത്രക്കാരനായ താമരശേരി കൂടരഞ്ഞി സ്വദേശിയായ പൗലോസിനെയാണ് ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ജില്ലയ്ക്കകത്തും പുറത്തുമായി 200ലധികം സിസിടിവി കാമറകൾ നിരീക്ഷിച്ചും സ്പോർട്സ് ബൈക്കുകൾ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചും ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.ജെ. ബിനോയിയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.