പുതുവർഷത്തിൽ വയനാടിന് പ്രതീക്ഷിക്കാൻ ഏറെ
1491524
Wednesday, January 1, 2025 4:31 AM IST
കൽപ്പറ്റ: പുതിയ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് വയനാട്. അതിജീവനത്തിന്റെ ചിറകുവിടർത്തിയാണ് വയനാട് പ്രതീക്ഷകളെ തിരികെപിടിക്കുന്നത്. ദുരന്തംവിതച്ച മുറിവുകൾ പുതിയ വർഷത്തിൽ ഉണങ്ങുമെന്ന പ്രതീക്ഷയിലാണ് ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പുകളിലാണ് ഇവരുടെ പ്രതീക്ഷകൾ. ദുരന്തബാധിതർക്ക് ജീവിക്കാനായി മികച്ച സൗകര്യങ്ങളുടെ ടൗണ്‍ഷിപ്പ് നിർമിക്കും എന്നാണ് സർക്കാർ പ്രഖ്യാപനം. ഒരു വർഷത്തിനകം ആയിരത്തോളം കുടുംബങ്ങൾക്ക് ഇത്തരത്തിൽ വീടുകൾ നിർമിക്കുമെന്നാണ് സർക്കാർ പറയുന്നത്. വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതും പ്രതീക്ഷകൾക്ക് വകനൽകുന്നു.
വയനാടിനെ പ്രതിനിധാനം ചെയ്യുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടലിൽ ബന്ദിപ്പൂർ വനമേഖലയിലെ രാത്രിയാത്ര നിരോധത്തിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നവർ നിരവധിയാണ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ബന്ദിപ്പുർ വനമേഖലയിലെ തുരങ്കപാതയും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആറുവരിയിൽ തുരങ്കപാത നിർമിക്കുന്നതോടെ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം അവസാനിക്കുകയും യാത്രാസമയം കുറയ്ക്കുകയും ചെയ്യും. താമരശേരി ചുരത്തിന് ബദൽ എന്ന നിലയ്ക്ക് നിർദേശിക്കപ്പെട്ട പടിഞ്ഞാറത്തറ- പൂഴിത്തോട് പാതയും കള്ളാടി - ആനക്കാംപൊയിൽ തുരങ്ക പാതയും പുതിയ വർഷത്തിലെ പ്രതീക്ഷകളാണ്.
നഞ്ചൻഗോഡ് - വയനാട് റെയിൽപാത ദീർഘകാലമായി വയനാട്ടുകാർ ആവശ്യപ്പെടുന്നതാണ്. സതേണ്‍ റെയിൽവേ ഈ പാതയുടെ സർവേ പൂർത്തിയാക്കിയതിനാൽ റെയിൽഗതാഗതത്തിനും വയനാട് ഒരുങ്ങുകയാണ്.
വയനാടിന്റെ ചിരകാലാഭിലാഷമായ മെഡിക്കൽ കോളജ് ഈ വർഷമെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ജില്ലയിലെയും സമീപ ജില്ലയിലേയും ജനങ്ങൾ. മെഡിക്കൽ കോളജിന്റെ വികസനം വയനാടിന്റെ ആരോഗ്യമേഖലയ്ക്ക് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്.
വന്യമൃഗശല്യം വയനാട്ടുകാരെ എന്നും അലട്ടിയിരുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. വന്യമൃഗശല്യത്തിന് വലിയ അളവിൽ പരിഹാരം കാണാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
കാർഷിക ജില്ലയായ വയനാട് കാർഷിക മുന്നേറ്റങ്ങൾക്കും കാതോർക്കുന്നുണ്ട്. കാർഷികോത്പന്നങ്ങൾക്ക് ന്യായവിലയും രോഗങ്ങൾ തടയുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയും കർഷകർക്കുണ്ട്.
ടൂറിസം മേഖലയിൽ വലിയ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും സംരംഭകർക്കുണ്ട്. ജില്ലയിൽ സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതും കഴിഞ്ഞ വർഷമാണ്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങൾ വന്നു. വരാനിരിക്കുന്ന ഒരു വർഷത്തിനിടയിൽ ടൂറിസംമേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മേഖലയിലുള്ളവർ.