തെങ്ങുകൾക്ക് കീടബാധ കർഷകർ പ്രതിസന്ധിയിൽ
1491523
Wednesday, January 1, 2025 4:31 AM IST
പുൽപ്പള്ളി: നാളികേരത്തിന് വില വർധിച്ചുവെങ്കിലും ഉത്പാദനക്കുറവും കീടബാധയുംമൂലം നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഫംഗസ്ബാധ കാരണം തെങ്ങോലകൾ വാടിക്കരിഞ്ഞ് വൃക്ഷം പൂർണമായി ഉണങ്ങി കടപുഴകി മറിഞ്ഞു വീഴുന്ന അവസ്ഥയാണ്. ഓലകൾ മഞ്ഞളിച്ച് അധികം വൈകാതെ വളർച്ച മുരടിച്ച് ഒടിഞ്ഞു വീഴുന്നു.
പുൽപ്പള്ളി മേഖലയിലെ സുരഭിക്കവല, മുള്ളൻകൊല്ലി, പെരിക്കല്ലൂർ, മരക്കടവ് പ്രദേശത്ത് ആയിരക്കണക്കിന് തെങ്ങുകൾ നശിച്ചു. തെങ്ങോലകൾ പച്ചയായി തന്നെ കൊഴിഞ്ഞ് മൂപ്പെത്താത്ത തേങ്ങ നിലംപൊത്തുന്നു. അധികം വൈകാതെ തെങ്ങിന്റെ കൂന്പ് കേടായി തെങ്ങ് നശിക്കുന്നു. കുരുമുളകിന്റെ തകർച്ചയ്ക്ക് ശേഷം കർഷകർ വൻതോതിൽ തെങ്ങുകൾ വളർത്തിയിരുന്നു. ഒട്ടേറെ വർഷം ആദായം ലഭിക്കേണ്ട തെങ്ങുകളാണ് വ്യാപകമായി നശിക്കുന്നത്. കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതിരോധ നടപടികളും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.