ജോലി വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കൾ 17 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം
1491313
Tuesday, December 31, 2024 6:23 AM IST
സുൽത്താൻ ബത്തേരി: കോണ്‍ഗ്രസിന്റെ നെൻമേനിയിലെ രണ്ട് നേതാക്കൾ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം.
കോളിയാടി ചെന്പകച്ചുവട് താമരച്ചാലിൽ ഐസക്കാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇതിൽ എട്ട് ലക്ഷത്തി അറുപതിനായിരം രൂപ തിരികെ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ചെതലയത്തെ ഒരു കേന്ദ്ര ബാങ്കിൽ മകന് ക്ലാർക്കായി നിയമനം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് രണ്ട് തവണകളിലായി 12 ലക്ഷം രൂപയും അർബൻ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷമടക്കം 17 ലക്ഷം രൂപയാണ് നെൻമേനിയിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കൾ വാങ്ങിയത്.
പാർട്ടി നേതൃത്വത്തിന് നൽകാനാണെന്ന് പറഞ്ഞാണ് തുക വാങ്ങിയതെന്നും ഐസക്ക് പറഞ്ഞു. ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന് ഇത് സംബന്ധിച്ച് അറിയാമായിരുന്നു.
2013 ൽ നാല് ലക്ഷവും 2014ൽ എട്ട് ലക്ഷവും 2019ൽ അഞ്ച് ലക്ഷവുമാണ് നൽകിയത്. ചെതലയം ബാങ്കിൽ മകന് ജോലി ലഭിക്കാതെ വന്നതോടെ പണം വാങ്ങിയ നേതാക്കളെ സമീപിച്ചപ്പോൾ കേന്ദ്ര ഭരണം മാറിയതിനാൽ ജോലി കിട്ടാൻ സാധ്യതയില്ലെന്നും ഇനി അർബൻ ബാങ്കിൽ പ്യൂണായി ജോലി നൽകാമെന്നും പറഞ്ഞ് അഞ്ച് ലക്ഷംകൂടി വാങ്ങിയെടുത്തു.
എന്നാൽ കൂടുതൽ യോഗ്യതയുള്ളതിനാൽ പ്യൂണ്‍ പോസ്റ്റിൽ പരിഗണിച്ചില്ല. അതിനിടെ അർബൻ ബാങ്കിൽ പുതിയ ഭരണസമിതി വന്നു. കെപിസിസി നേതൃത്വം അന്വേഷണ കമ്മീഷനെവച്ചു. ബാങ്ക് കോഴ ആരോപണവുമായി ബന്ധപ്പെട്ട ചിലരെ പാർട്ടി പുറത്താക്കുകയും ചെയ്തു.
അർബൻ ബാങ്കിലും ജോലി കിട്ടാതായപ്പോൾ ഐസക്ക് പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് എന്ന നിലയ്ക്ക് ടി. സിദ്ദിഖിനും പരാതി നൽകി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലും പരാതി നൽകി.
മകന് ജോലി കിട്ടുമെന്ന് കരുതി സ്ഥലം വിറ്റാണ് പൈസ നൽകിയത്. പാർട്ടിയുടെ അച്ചടക്ക നടപടിയ്ക്ക് വിധേയനായ ഒരാളുടെ മധ്യസ്ഥതയിലാണ് എട്ട് ലക്ഷത്തി അറുപതിനായിരം രൂപ തിരിച്ച് കിട്ടിയത്. ബാക്കി തുക കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ വിവരം പുറത്ത് പറയാതിരുന്നതെന്നും ഐസക്ക് പറഞ്ഞു.