മാധ്യമ സ്വാതന്ത്ര്യവും വാർത്തകളുടെ വഴികളും ചർച്ച ചെയ്ത് വയനാട് സാഹിത്യോത്സവം
1491311
Tuesday, December 31, 2024 6:23 AM IST
മാനന്തവാടി: വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിലെ അഗ്നിഗാഥകൾ: നമുക്ക് നഗരങ്ങളിൽ ചെന്ന് തലക്കെട്ടുകളെഴുതാം-എന്ന സെഷൻ മാധ്യമപ്രവർത്തനത്തിന്റെ വിവിധ തലങ്ങളെ വിശകലനം ചെയ്ത ശ്രദ്ധേയ സംവാദവേദിയായി. പത്രം ഓഫീസുകളിൽ വാർത്തകൾ നൽകുന്പോൾ ഉദ്യോഗസ്ഥവൃന്ദങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രമാണ് അംഗീകരിക്കപ്പെടുന്നതെന്നും ബാക്കിയുള്ളവ ആരോപണങ്ങളായി മാത്രമായാണ് പരിഗണിക്കപ്പെടുന്നതെന്നും സംവാദത്തിൽ പങ്കെടുത്ത കാരവനിലെ മാധ്യമപ്രവർത്തകൻ സാഗർ പറഞ്ഞു.
വാർത്തകൾ പ്രദേശത്തെ പ്രശ്നങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്. എന്നാൽ, പ്രശ്നങ്ങൾ എപ്പോഴും നിലനിൽക്കുമെന്നു പഞ്ചാബിൽനിന്നുള്ള ഡോക്യുമെന്ററി സംവിധായകനും പത്രപ്രവർത്തകനുമായ ദൽജിത്ത് ആമി അഭിപ്രായപ്പെട്ടു. പഞ്ചാബിന്റെ സാംസ്കാരിക വൈവിധ്യം ഉൾക്കൊള്ളുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വാർത്താനിലപാടുകൾ എഡിറ്ററുടെ നിബന്ധനകൾക്കനുസരിച്ച് ക്രമീകരിക്കപ്പെടുന്നുവെന്നും അവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്നും സ്വതന്ത്ര മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ നേഹ ദീക്ഷിത് പറഞ്ഞു. വാർത്തകൾ എങ്ങനെ പുറത്തുവിടണം എന്നതിൽ ധാരണ എഡിറ്റോറിയൽ ബോർഡിന് നേരത്തേ ഉണ്ടാകുമെന്നു വ്യക്തിപരമായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി അവർ വിശദീകരിച്ചു.
വാർത്തകളുടെ പ്രാധാന്യം അത് ആരിൽനിന്നാണ് വരുന്നത്, എവിടെനിന്നാണ് ലഭിക്കുന്നത് എന്നതിനെ ആശ്രയിച്ചാണെന്ന് മാധ്യമപ്രവർത്തക പൂജ പ്രസന്ന അഭിപ്രായപ്പെട്ടു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ലീഗ് പതാകയെ പല പ്രമുഖ മാധ്യമങ്ങളും പാകിസ്ഥാൻ പതാകയായി തെറ്റിദ്ധരിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതായി പൂജ പറഞ്ഞു.