ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഡിസിസി
1491308
Tuesday, December 31, 2024 6:23 AM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും അത് വഴി കോണ്ഗ്രസിനെയും ഒറ്റപ്പെടുത്താനുള്ള സിപിഎം നീക്കം അനുവദിക്കില്ലെന്ന് ഡിസിസി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്ഗ്രസ് പാർട്ടിയും ഐ.സി. ബാലകൃഷ്ണനുമാണ്. അതിനായി ഐ.സി. ബാലകൃഷ്ണൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിയും നൽകിയിട്ടുണ്ട്.
ജില്ലയിലെ മുതിർന്ന നേതാവായ എൻ.എം. വിജയൻ നിരവധി തവണ ത്രിതല പഞ്ചായത്ത് സംവിധാനത്തിലും പാർട്ടിയുടെ വിവിധ ഘടകത്തിലും പ്രവർത്തിച്ച് വന്നിരുന്ന ആളാണ്. ജില്ലയിലെ പാർട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ വിജയൻ, ആത്മഹത്യ ചെയ്യേണ്ടതായ ഏതെങ്കിലും വിധത്തിലുള്ള സാഹചര്യം തനിക്കുണ്ടെന്ന് ഒരു ഘട്ടത്തിലും പാർട്ടിയുടെ ഏതെങ്കിലും ഘടകത്തിലോ നേതാക്കൻമാരോടും പ്രവർത്തകരോടും വ്യക്തിപരമായോ സൂചിപ്പിച്ചിട്ടില്ല. അതിനാൽത്തന്നെ വിജയന്റെ ആത്മഹത്യ അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ടണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്നേ കരുതാൻ കഴിയൂ.
അർബൻ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്ന 2021ൽ ആ വിഷയം അന്വേഷിക്കുന്നതിന് ഡിസിസിയും കെപിസിസിയും സമിതിയെ നിയോഗിക്കുകയും ആ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അർബൻ ബാങ്ക് ചെയർമാൻ അടക്കമുള്ളവരെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അഴിമതിയുടെ പേരിൽ കോണ്ഗ്രസ് പുറത്താക്കിയ മുൻ ചെയർമാനെ സിപിഎം അതേ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായക്കുകയും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം പാനലിൽ മത്സരിപ്പിക്കുകയും ചെയ്തു.
അന്വേഷണം നടക്കുന്ന സമയത്ത് വിജയനെതിരേ ഒരു പരാതിപോലും ലഭിക്കുകയോ ഇപ്പോൾ പ്രചരിക്കുന്ന തരത്തിലുള്ള എഗ്രിമെന്റും സമിതിയുടെ പരിഗണനയ്ക്ക് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സമര കോലാഹലങ്ങൾ കഴിഞ്ഞ കുറേ കാലങ്ങളായി സംസ്ഥാന തലത്തിലും വയനാട് ജില്ലയിലും അവർക്ക് നേരിട്ട് കൊണ്ടിരിക്കുന്ന പെരിയ കൊലപാതക വിധിയും നവീൻ ബാബുവിന്റെ മരണവും ഇടുക്കിയിലെ സാബുവിന്റെ മരണവും ഉൾപ്പടെ സമീപകാലത്ത് സഹകരണ മേഖലയിൽ ഉണ്ടായ വിഷയങ്ങളും ഉൾപ്പെടെ തിരിച്ചടികൾ മൂടിവയ്ക്കുന്നതിന് വേണ്ടിയാണ്.
കഴിഞ്ഞ 14 വർഷമായി സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണനെ തേജോവധം ചെയ്യുന്നതിന് സിപിഎം പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർധിപ്പിച്ച് ജയിച്ച് വരികയാണ് ഐ.സി. ബാലകൃഷ്ണൻ.
ഇക്കാര്യത്തിലുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കി അപമാനിക്കാൻ ശ്രമിക്കുന്നത്. എൻ.എം. വിജയന്റെ മരണം ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന്റെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ പോലീസ് അന്വേഷിക്കുന്നതിന് പാർട്ടി എതിരല്ല. എന്നാൽ, ഇതുവരെ ഉന്നയിക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെയും ഐ.സി. ബാലകൃഷ്ണനെയും അപമാനിക്കാനാണ് സിപിഎമ്മും ചില തല്പരകക്ഷകികളും ശ്രമിക്കുന്നത്.
സിപിഎം നടത്തുന്ന ഈ അപഹാസ്യ നടപടികൾ തുറന്ന് കാണിക്കുന്നതിന് പാർട്ടിയുടെ നേതൃത്വത്തിൽ ജനുവരി നാലിന് ബത്തേരിയിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടത്തുമെന്നും നേതാക്കൾ അറിയിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, വി.എ. മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.