ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേയ്ക്ക് സിപിഎം മാർച്ച് നടത്തി
1491307
Tuesday, December 31, 2024 6:23 AM IST
സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേയ്ക്ക് സിപിഎം മാർച്ച് നടത്തി. ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിനുത്തരവാദികൾ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും കെപിസിസി നേതൃത്വവുമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.
ബത്തേരി അർബൻ ബാങ്ക് നിയമന ഇടപാടുമായി ബന്ധപ്പെട്ട് എൻ.എം. വിജയൻ നേരത്തെ കെപിസിസിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ, വിഷയം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിച്ചില്ല. വിജയന്റെ പരാതി ഗൗരമായി എടുത്തിരുന്നെങ്കിൽ രണ്ട് പേരുടെയും മരണം ഒഴിവാക്കാൻ കഴിയുമായിരുന്നു. കെപിസിസി പ്രസിഡന്റിന്റെയും സ്ഥലം എംഎൽഎയുടെയും പേരിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണം.
കോണ്‍ഗ്രസിൽ സാധാരണ പ്രവർത്തകർക്ക് രക്ഷയില്ല. ഇപ്പോൾ വിജയനും മകനും. നേരത്തെ മാനന്തവാടിയിൽ പാർട്ടി ഓഫീസിലാണ് പി.വി. ജോണ്‍ എന്ന പ്രവർത്തകൻ തൂങ്ങിമരിച്ചത്. പാർട്ടി നേതൃത്വത്തിനെതിരേ പ്രതികരിക്കാൻ കോണ്‍ഗ്രസ് പ്രവർത്തകർ ഇനിയെങ്കിലും തയാറാകണമെന്ന് റഫീഖ് പറഞ്ഞു.
ഏരിയാ കമ്മറ്റി അംഗം എം.എസ്. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പി.ആർ. ജയപ്രകാശ്, സുരേഷ് താളൂർ, എം.എസ്. സുരേഷ് ബാബു, ബീന വിജയൻ, കുഞ്ഞുമോൾ എന്നിവർ പ്രസംഗിച്ചു.