വലിച്ചെറിയൽവിരുദ്ധ വാരം സംഘടിപ്പിക്കുന്നു
1491312
Tuesday, December 31, 2024 6:23 AM IST
കൽപ്പറ്റ: ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് പുതുവർഷത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരം പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തുന്നു. തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവ കേരളം മിഷൻ, കുടുംബശ്രീ മിഷൻ, കെഎസ്ഡബ്ല്യുഎംപി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെയാണ് വലിച്ചെറിയൽവിരുദ്ധ വാരം നടത്തുന്നത്. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനത്തിലൂടെ പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയൽ പ്രതിരോധിക്കുകയാണ് കാന്പയിൻ ലക്ഷ്യം.
മാലിന്യ ശേഖരണ സംവിധാനങ്ങളോട് സഹകരിക്കാത്ത വീടുകൾ, സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ രീതിയുടെ സർവേ നടത്തും. വലിച്ചെറിയൽ മുക്തവാരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ സ്ഥാപന തലത്തിലും വാർഡ് തലത്തിലും നിർവഹണ സമിതിയോഗം രൂപികരിക്കും.
തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവൻ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കും. പാഴ്വസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തും. ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവം തുടങ്ങിയ പൊതുപരിപരിപാടികളുടെ ഭാഗമായി കൊടിതോരണങ്ങൾ, നോട്ടീസുകൾ, കുടിവെള്ള കുപ്പികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുത്.
കാന്പയിൻ ലക്ഷ്യങ്ങൾ
* മാലിന്യം കണ്ടെത്തുന്ന പ്രദേശത്ത് ഉറവിടം കണ്ടെത്തി തടയാനുള്ള നടപടി സ്വീകരിക്കും. വിനോദ സഞ്ചരികൾ വലിച്ചെറിയുന്ന മാലിന്യം തടയുന്നതിന് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണം.
* തദ്ദേശ സ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ അനധികൃത ഗ്രൂപ്പുകൾ അല്ലെങ്കിൽ ഏജൻസികൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കരുത്.
* വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ജാഥകൾ, പൊതുപരിപാടികളിൽ രൂപപ്പെടുന്ന മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കും.
* ക്യാന്പയിനുലൂടെ സൗന്ദര്യവത്കരിക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണം ജനകീയസമിതി ഉറപ്പാക്കും.
* പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സായാഹ്ന സൗഹൃദ ഇടങ്ങൾ രൂപീകരിക്കും.