കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുക്കിടാവിനെ കൊന്നു
1491306
Tuesday, December 31, 2024 6:23 AM IST
കൽപ്പറ്റ: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം. പുലിയാർകുന്ന് സി. സതീശന്റെ ഒരു വയസുള്ള പശുകിടാവിനെയാണ് വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തിയത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട് - കൊല്ലേഗൽ ദേശീയപാത ഉപരോധിച്ചു. രാവിലെ മേയാൻവിട്ട പശു തിരിച്ചുവരാത്തതിനാൽ നടത്തിയ പരിശോധനയിലാണ് വന്യമൃഗം ആക്രമിച്ച നിലയിൽ പശുക്കിടാവിനെ കണ്ടെത്തുന്നത്. ഉടനെ ചികിത്സയ്ക്കായി പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. മൂന്ന് മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് വന്യമൃഗ ആക്രമത്തിൽ കൊല്ലപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ പശുവിന്റെ ജഡവുമായി കോഴിക്കോട് കൊല്ലേഗൽ ദേശീയപാത ഉപരോധിച്ചു. ഉപരോധത്തിൽ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടു. മേഖലയിൽ വന്യമൃഗത്തെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്നും രാത്രികാലങ്ങളിൽ വനപാലകരെ സ്ഥലത്ത് വിന്യസിപ്പിക്കുമെന്നും ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കടുവയാണോ പുലിയാണോ പശുവിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഡിഎഫ്ഒ യുമായി നടന്ന ചർച്ചയിൽ കടുവയെ പിടികൂടാൻ വലിയ കൂട് പ്രസ്തുത സ്ഥലത്തു സ്ഥാപിക്കും, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ഉടമസ്ഥന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും, പ്രസ്തുത പ്രദേശത്തെ കാട് വെട്ടിത്തളിക്കും. തേയില എസ്റ്റേറ്റിലെ കാട് വെട്ടിത്തെളിക്കാൻ എസ്റ്റേറ്റ് ഉടമയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പെട്ടെന്ന് തീർപ്പാക്കും, രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞു വരുന്നവർക്ക് വനംവകുപ്പിന്റെ വാഹനം സജ്ജം ആയിരിക്കും, നൈറ്റ് പെട്രോളിംഗ് ആരംഭിക്കും എന്നീ കാര്യങ്ങൾ തീരുമാനിച്ചു. രാത്രികാലങ്ങളിൽ സഞ്ചാരം ഒഴിവാക്കണമെന്നും കടുവ ആക്രമണം നടന്ന സ്ഥലത്തൂടെയുള്ള സഞ്ചാരം തത്കാലം ഒഴിവാക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു.