എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു
1490158
Friday, December 27, 2024 4:19 AM IST
കൽപ്പറ്റ: എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ സ്തേഫാനോസ് അനുശോചിച്ചു.
അക്ഷരങ്ങളെയും ആശയങ്ങളെയും പ്രണയിച്ച അതുല്യ സാഹിത്യകാരനാണ് എം.ടിയെന്ന് അദ്ദേഹം പറഞ്ഞു. മാനവസമൂഹത്തിന്റെ മാനസിക പരിവർത്തനത്തിന് സഹായകമായ സൃഷ്ടികളാണ് എം.ടി നടത്തിയത്. സർഗശേഷിയാൽ സന്പന്നമായ അനുഗ്രഹീത ജൻമമായിരുന്നു അദ്ദേഹത്തിന്‍േറത്. മലയാളികളുടെ മനസിൽ മായാത്ത മുദ്ര പതിപ്പിച്ച കഥകളും കഥാപാത്രങ്ങളും അരങ്ങിലും അണിയറയിലും എം.ടിയെ അടയാളപ്പെടുത്തി. മലയാളികളുടെ മനസിൽ എം.ടി എന്ന രണ്ടക്ഷരം മരണമില്ലാതെ നിലനിൽക്കുമെന്നും മാർ സ്തേഫാനോസ് പറഞ്ഞു.
എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ കേളു അനുശോചിച്ചു. മലയാളി മനസുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം.ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദവൻ നായരുടെ നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി അനുശോചിച്ചു. മലയാള സാഹിത്യത്തിനു എംടി നൽകിയ സംഭാവനകൾ വിലപ്പെട്ടതാണെന്ന് യോഗം അനുസ്മരിച്ചു.
പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. സി.കെ. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, സലിം നൂലക്കുന്ന്, ബിനു മാങ്കൂട്ടത്തിൽ, ഏബ്രഹാം മാത്യു, ഡോ.സീന തോമസ്, സന്ധ്യ ലിഷു, പ്രസന്ന രാമകൃഷ്ണൻ, വിനോദ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.