നന്പിക്കൊല്ലി ചോരംകൊല്ലിയിൽ കാട്ടാന വീണ്ടും നെൽകൃഷി നശിപ്പിച്ചു
1488841
Saturday, December 21, 2024 5:18 AM IST
സുൽത്താൻ ബത്തേരി: വനപാലകരുടെയും നാട്ടുകാരായ കാവൽക്കാരുടെയും നിരീക്ഷണത്തിനിടയിലും കാട്ടാന നെൽകൃഷി നശിപ്പിച്ചു. ചോരംകൊല്ലി നന്പികൊല്ലി ഭാഗത്തെ മാളപ്പുര വാസുദേവൻ, വിശ്വനാഥൻ വാഴക്കണ്ടി ഗോവിന്ദൻ എന്നിവരുടെ അഞ്ച് ഏക്കറോളം സ്ഥലത്തെ നെൽകൃഷിയാണ് കാട്ടാന നശിപ്പിച്ചത്.
കൊയ്ത്തിന് പാകമായ നെല്ല് കാട്ടാനയിറങ്ങി നശിപ്പിച്ചിട്ടും ആനയെ വനത്തിലേയ്ക്ക് തുരത്താൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് കഴിഞ്ഞ ദിവസം ഫോറസ്റ്റ് സ്റ്റേഷനുമുന്നിൽ കർഷകർ പ്രതിഷേധിച്ചത്. തുടർന്ന് വനപാലകർ കാട്ടാന നെൽവയലുകളിലേയ്ക്ക് ഇറങ്ങാതിരിക്കുന്നതിന് വനാതിർത്തികളിൽ കാവൽ ശക്തമാക്കിയിരുന്നു.
ഇതിനുപുറമേ കർഷകരും ഉറക്കമൊഴിച്ച് നെൽവയലുകൾക്ക് കാവൽനിന്നു. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് കാട്ടാന നെൽകൃഷി നശിപ്പിക്കുന്നത്. കാട്ടാനയെ തുരത്താൻ കുങ്കിയാനയുടെയും സഹായം തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല. നന്പികൊല്ലി, ചോരംകൊല്ലി എന്നിവയ്ക്ക് പുറമേ വല്ലത്തൂർ, കണ്ണങ്കോട്, നെൻമേനിക്കുന്ന് പ്രദേശത്തും വ്യാപക കൃഷി നാശമാണ് കാട്ടാനകൾ വരുത്തുന്നത്.