‘മനുഷ്യ-വന്യജീവി സംഘർഷത്തിന് അടിസ്ഥാനം പ്രകൃതിയോടുള്ള സമീപനത്തിലെ മാറ്റം’
1489900
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: മനുഷ്യ-വന്യജീവി സംഘർഷത്തിന് അടിസ്ഥാനം പ്രകൃതിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.
പൂക്കോട് വെറ്ററിനറി കോളജിൽ അന്താരാഷ്ട്രാ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ ഭാഗമായി ’മനുഷ്യ വന്യജീവി സംഘർഷം; പൊതുജന കാഴ്ചപാടുകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘർഷം ജില്ലയിൽ കൂടുതലാണ്. കൃഷി നാശത്തിനുപുറമേ ആൾ നാശവും വന്യജീവികൾ വരുത്തുന്നുണ്ട്. ജില്ലയുടെ സ്വാഭാവികമായ ജൈവികത വലിയ തോതിൽ നഷ്ടമാകുന്നത് പൊതു ചർച്ചയാകണം. മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ കാടിന്റെ സ്വാഭാവികത തകർക്കുകയാണ്.
ഇതിനു സത്വര പരിഹാരം കാണണം. വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടണം. മാറിവരുന്ന സർക്കാരുകളുടെ കർമപദ്ധതികൾക്കും അപ്പുറം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമായാണ് ഈ വിഷയത്തെ കാണേണ്ടതെന്നും സംഷാദ് പറഞ്ഞു.
ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കഴിഞ്ഞ 30 വർഷത്തെ പ്രവണതകൾ, മനുഷ്യ-വന്യജീവി സംഘർഷം; നിലവിലെ സാഹചര്യങ്ങൾ, സംഘർഷ ലഘൂകരണത്തിനുള്ള മാർഗങ്ങൾ, പൊതുജന പങ്കാളിത്തത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുണ്‍ സക്കറിയ, കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫ.ഡോ.എം. ഷാജി, റിട്ട.ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.ഇ.കെ. ഈശ്വരൻ എന്നിവർ ക്ലാസ് നയിച്ചു.