ടൂറിസം സംരംഭങ്ങൾക്ക് എതിരായ ഉത്തരവ്: നിയമയുദ്ധത്തിനു കളമൊരുങ്ങുന്നു
1489899
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: നെൻമേനി പഞ്ചായത്തിലെ അന്പുകുത്തിയിലുള്ള ഏഴ് ടൂറിസം സംരംഭങ്ങൾക്ക് എതിരായ സബ് കളക്ടറുടെ ഉത്തരവിൽ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു.
ചരിത്ര സ്മാരകമായ എടക്കൽ റോക്ക് ഷെൽറ്റർ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അന്പുകുത്തി. ഇവിടെ പ്രകൃതിദുരന്തസാധ്യതാമേഖലയിൽ പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തിയ ആറ് റിസോർട്ടും ഒരു സർവീസ് വില്ലയും പൊളിച്ചുനീക്കാൻ കഴിഞ്ഞ 17നാണ് സബ് കളക്ടർ മിസാൽ സാഗർ ഭരത് ഉത്തരവായത്. ഈഗിൾ നെസ്റ്റ് റിസോർട്ട്, റോക്ക് വില്ല റിസോർട്ട്, എടക്കൽ വില്ലേജ് റിസോർട്ട്, അസ്റ്റർ ഗ്രാവിറ്റി റിസോർട്ട്, നാച്യുറിയ റിസോർട്ട്, ആർജി ഡ്യു റിസോർട്ട്, ഗോൾഡൻ ഫോർട്ട് സർവീസ് വില്ല എന്നിവയ്ക്കെതിരേയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നിർമിതികൾ പൊളിക്കണമെന്നാണ് സബ് കളക്ടറുടെ നിർദേശം.
പൊളിക്കാതിരിക്കുന്നതിനു കാരണങ്ങളുണ്ടെങ്കിൽ ജനുവരി എട്ടിനു രാവിലെ 11നകം ബോധ്യപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. ഇതിനെതിരേയാണ് സംരംഭകരുടെ നീക്കം. ആവശ്യമായ രേഖകൾ സഹിതം സബ് കളക്ടർക്ക് വിശദീകരണം നൽകാനും ഇത് ഫലവത്താകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനുമാണ് അവരുടെ പദ്ധതി. കഴിഞ്ഞ ദിവസം സംരംഭകർ ഓണ്ലൈനിൽ യോഗം ചേർന്ന് സാഹചര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
അന്പുകുത്തിയിലെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച് സെപ്റ്റംബർ 28ലെ ജില്ലാ വികസന സമിതി യോഗത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടർ വിഷയത്തിൽ ഇടപെട്ടത്. അനധികൃത നിർമിതികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ചെറുകിട ജലസേചന വിഭാഗം എക്സിക്യുട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന സമിതിയെ സബ് കളക്ടർ നിയോഗിച്ചിരുന്നു. സമിതി തയാറാക്കിയ റിപ്പോർട്ട് തഹദിൽദാർ ഡിസംബർ 12നാണ് സബ് കളക്ടർക്ക് സമർപ്പിച്ചത്. അന്പുകുത്തിയിലെ ഏഴ് സംരംഭങ്ങൾ പ്രകൃതി ദുരന്ത സാധ്യതാ മേഖലയിലാണെന്നു ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർമിതികൾ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുകയുമുണ്ടായി. റിസോർട്ടുകളും അനുബന്ധ നിർമിതികളും പൊളിച്ചുതുടങ്ങുന്പോഴും പൂർത്തിയാകുന്പോഴുമുള്ള സാഹചര്യം റിപ്പോർട്ട് ചെയ്യാൻ നെൻമേനി വില്ലേജ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തഹസിൽദാർ സബ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയതല്ലെന്ന നിലപാടിലാണ് ടൂറിസം സംരംഭകർ. അന്പുകുത്തിയിലും സമീപങ്ങളിലും അടുത്തകാലത്ത് പ്രകൃതിദുരന്തങ്ങൾ ഉണ്ടായില്ലെന്നും പ്രകൃതി സൗഹൃദമായാണ് സംരംഭങ്ങളുടെ പ്രവർത്തനമെന്നും അവർ പറയുന്നു.