ലഹരി കേസ്; മൂന്ന് മാസത്തിനകം അറസ്റ്റിലായത് 334 പേർ
1488840
Saturday, December 21, 2024 5:18 AM IST
കൽപ്പറ്റ: സെപ്റ്റംബർ മുതൽ ഡിസംബർ വരെ ജില്ലയിൽ ലഹരികേസുകളിൽ അറസ്റ്റിലായത് 334 പേർ. അബ്കാരി കേസിൽ 179 പ്രതികളെയും എൻഡിപിഎസ് കേസുകളിൽ 155 പ്രതികളെയും അറസ്റ്റ് ചെയ്തു. ജില്ലയിൽ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ 2024 സെപ്റ്റംബർ മുതൽ ഡിസംബർ 17 വരെ 1537 റെയ്ഡുകളും പോലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകൾ സംയുക്തമായി 93 പരിശോധനകളും നടത്തി. 12,000 വാഹനങ്ങൾ പരിശോധിച്ചു. 199 അബ്കാരി കേസുകളും 147 എൻഡിപിഎസ് കേസുകളും 703 കോട്പ കേസുകളും രേഖപ്പെടുത്തി. കോട്പ കേസുകളിൽ പിഴയായി 1,40,600 രുപ ഈടാക്കി.
തൊണ്ടി മുതലായി 740 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 19 ലിറ്റർ അന്യ സംസ്ഥാന മദ്യം, എട്ട് ലിറ്റർ ബിയർ, 560 ലിറ്റർ വാഷ്, 153 ലിറ്റർ കള്ള്, 16 ലിറ്റർ ചാരായം, 65 ലിറ്റർ അരിഷ്ടം 9.286 കിലോഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ചെടികൾ, രണ്ട് കഞ്ചാവ് ബീഡി, 397 ഗ്രാം മെത്താംഫീറ്റാമിൻ, 276 ഗ്രാം മാജിക്ക് മഷ്റും, എട്ട് ഗ്രാം എംഡിഎംഎ, 1.006 ഗ്രാം ഹാഷിഷ് ഓയിൽ, 6.56 ഗ്രാം ചരസ്, 18 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. വിവിധ കേസുമായി ബന്ധപ്പെട്ട് 22,500 രൂപയും പിടിച്ചെടുത്തു.
അബ്കാരി, എൻഡിപിഎസ് കേസുകളിലായി 16 വാഹനങ്ങളും പിടികൂടി.
ക്രിസ്മസ്, പുതുവത്സരാഘോഷടനുബന്ധിച്ച് അന്തർ സംസ്ഥാന ഫോഴ്സിന്റെ സംയുക്ത സഹകരണത്തോടെ പരിശോധന ശക്തമാക്കാൻ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. വ്യാജമദ്യത്തിന്റെ ഉപഭോഗം, കടത്ത്, വിൽപന എന്നിവ ജനകീയ പങ്കാളിത്തത്തോടെ നിർമാർജനം ചെയ്യുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ സമിതി യോഗം എഡിഎം കെ. ദേവകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്നു. താലൂക്ക്തല ജനകീയ കമ്മിറ്റികൾ കാര്യക്ഷമമാക്കി കമ്മിറ്റി മുഖേന പരാതികൾ പരിശോധിക്കും. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപഭോഗ പാർട്ടികൾ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ എഡിഎം നിർദേശം നൽകി.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജനകീയ സമിതി യോഗത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ജിമ്മി ജോസഫ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജോഷി ജോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റ ഷീദ് ബാബു, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ലൈബ്രറി കൗണ്‍സിൽ പ്രതിനിധി, ജനകീയ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കണ്ട്രോൾ റൂം രൂപീകരിച്ചു
ക്രിസ്മസ്, പുതുവത്സരവുമായി ബന്ധപ്പെട്ട് ലഹരി കടത്ത് തടയുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ജില്ലാതല കണ്ട്രോൾ റൂം, ജില്ലാതല സ്്രെടെക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ്, എന്നിവ രൂപീകരിച്ചു. താലൂക്ക്തലത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്്രെടെക്കിംഗ് ഫോഴ്സ് രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെന്റ് ഏജൻസികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനകൾ നടത്തും. ജില്ലാതല കണ്ടോൾ റൂം ഫോണ്‍: 04936228215, ടോൾ ഫ്രീ നന്പർ 1800 425 2848, സുൽത്താൻ ബത്തേരി താലൂക്ക്തല കണ്ട്രോൾ റൂം- 04936227227, 248190, 246180, വൈത്തിരി- 04936202219, 208230, മാനന്തവാടി- 04935240012, 244923.