കെ.ജെ. ബേബിയുടെ ഓർമകൾ നിറഞ്ഞ് വയനാട് സാഹിത്യോത്സവം
1490156
Friday, December 27, 2024 4:19 AM IST
മാനന്തവാടി: അരികുവത്കരിക്കപ്പെടുന്ന ജനസമൂഹത്തിന്റെ ശബ്ദമായിരുന്നകെ.ജെ.ബേബിയോടുള്ള ആദരവായിരുന്നു വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലെ ബേബിമൻറം പരിപാടി.
വയനാട്ടിലെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലാണ് കെ.ജെ. ബേബിയുടെ ജീവിതമെന്ന് ദേവസ്യ നടവയൽ അഭിപ്രായപ്പെട്ടു. ആദിവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ സാമൂഹികപ്രവർത്തനങ്ങൾ, കനവ് എന്ന ബദൽ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചും അതിന്റെ പ്രത്യേകതകൾ തുടങ്ങി വിവിധ മേഖലകളിൽ ബേബി നടത്തിയ പ്രവർത്തനങ്ങളുടെ സവിശേഷതകളെ കുറിച്ചും ദേവസ്യ ഓർമ്മിച്ചു.
കർഷകരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അവരെ മനസിലാക്കാൻ ശ്രമിച്ച കെ.ജെ. ബേബിയാണ് ഏച്ചോം ഗോപിയുടെ ഓർമകളിൽ നിറഞ്ഞുനിന്നത്.
ശബ്ദമുയർത്താൻ കഴിയാത്തവരുടെ ശബ്ദമായിരുന്നു കെ.ജെ. ബേബിയെന്ന് ഷീല ടോമി പങ്കുവച്ചു. കെ.ജെ. ബേബിയുമൊത്ത് സഞ്ചരിക്കാൻ കിട്ടിയ അവസരം വളരെയധികം സന്തോഷത്തോടെ ഓർക്കുന്നവയാണെന്നും നാടക ഗാനങ്ങളുടെ ചടുലതയിൽ ഒപ്പമുള്ളവരെ കൂടെ കൂടുന്ന അപൂർവ്വ വ്യക്തിത്വമായിരുന്നുവെന്നും പി.കെ. റെജി പറഞ്ഞു.
കോഴിക്കോട് ജയിലിൽ തനിക്കൊപ്പം ജയിൽ വാസം അനുഷ്ഠിച്ച സുസ്മേരവദനനായ ബേബിയെയാണ് ടി.കെ. ഇബ്രാഹിമിന്റെ ഓർമ്മകളിലിപ്പോഴും. തന്റെ ജീവിതം അതാണ് തന്റെ എഴുത്ത് എന്നതായിരുന്നു കെ.ജെ. ബേബിയുടെ ശൈലിയെന്ന് ഷാജി പുൽപ്പള്ളി അഭിപ്രായപ്പെട്ടു. എഴുത്തിലൂടെ സാമൂഹികോന്നമനം ലക്ഷ്യമിട്ട് കീഴാളജനതയുടെ നൻമയ്ക്കു വേണ്ടി തന്റെ തൂലികയെ പടവാളാക്കിയ കെ.ജെ. ബേബിയെ മോഡറേറ്റായ എം. ഗംഗാധരൻ പറഞ്ഞു.