കരുതലും കൈത്താങ്ങും: 23 വരെ പരാതികൾ നൽകാം
1488842
Saturday, December 21, 2024 5:18 AM IST
കൽപ്പറ്റ: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ’കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് 23 വരെ പരാതികൾ നൽകാം.
പരാതികൾ താലൂക്ക് ഓഫീസുകൾ മുഖേനയും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും നൽകാം. പരാതിയിൽ പേര്, ഫോണ്‍ നന്പർ, താലൂക്ക്, ജില്ല എന്നിവ രേഖപ്പെടുത്തണം.
ഭൂമി സംബന്ധമായ വിഷയങ്ങൾ, പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിർത്തി തർക്കങ്ങൾ, വഴി തടസപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, കെട്ടിട നന്പർ, നികുതി, വയോജന സംരക്ഷണം,
പട്ടികജാതി-വർഗ വിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരികബുദ്ധിമാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം,പൊതുജല സ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻകാർഡ്, കാർഷിക വിളകളുടെ സംഭരണം, വിതരണം, വിള ഇൻഷ്വറൻസ്, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ,
വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണത്തിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ട പരിഹാരം തുടങ്ങിയ വിഷയങ്ങളിലെ പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
28ന് വൈത്തിരി താലൂക്കിലും ജനുവരി മൂന്നിന് സുൽത്താൻ ബത്തേരിയിലും ജനുവരി നാലിന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത്ത് നടക്കും.