കേരളത്തോടുള്ള ചിറ്റമ്മ നയം ഉപേക്ഷിക്കണം: സിപിഎം ജില്ലാ സമ്മേളനം
1489370
Monday, December 23, 2024 2:55 AM IST
സുൽത്താൻ ബത്തേരി: കേരളത്തോടുള്ള ചിറ്റമ്മ നയം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് യാഥാർഥ്യമാക്കണമെന്നും സിപിഎം ജില്ലാ സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പ്രധാനമന്ത്രി ദുരന്തബാധിതരെ നേരിൽക്കണ്ട് ആശ്വസിപ്പിച്ചിരുന്നു. പുനരധിവാസത്തിന് പണം തടസമാകില്ലെന്ന് അദ്ദേഹം ഉറപ്പുനൽകുകയുമുണ്ടായി. എന്നാൽ ഇതുവരെ ചില്ലിക്കാശുപോലും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുന്നതിന് കാലതാമസമോ മാനദണ്ഡമോ തടസമായില്ല.
ടൗണ്‍ഷിപ്പിനു ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നം പരിഹരിച്ച് പുനരധിവാസം ഉറപ്പുവരുത്തുന്നതിന് പുനരധിവാസത്തിനു സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.കെ. സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
1994ൽ പ്രവൃത്തി ആരംഭിച്ച് 30 വർഷം പിന്നിട്ടിട്ടും പാത യാഥാർഥ്യമായിട്ടില്ല. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയുടെ പ്രവൃത്തി വനഭൂമി ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് പൂർത്തിയാകാത്തത്. 27 കിലോമീറ്റർ വരുന്ന പാതയുടെ കോഴിക്കോട്-വയനാട് അതിർത്തിവരെയുള്ള ഭാഗം ഗതാഗതയോഗ്യമാണ്.
വനഭൂമി ഒന്‍പത് കിലോമീറ്ററാണുള്ളത്. ഇതിനുപകരം തരിയോട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകൾ ഭൂമി വിട്ടുനൽകിയതാണ്. പാത കടന്നുപോകേണ്ട വനഭൂമി പരിസ്ഥിതി ലോല പ്രദേശത്തിൽ പെടാത്തതും അമൂല്യമരങ്ങൾ ഇല്ലാത്തതുമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.