നിർഭയരായി സമൂഹത്തെ സ്നേഹിക്കുക: മാർ അലക്സ് താരാമംഗലം
1489272
Sunday, December 22, 2024 7:59 AM IST
പുൽപ്പള്ളി: നിർഭയരയി മറ്റുള്ളവരെ സ്നേഹിക്കാനാണ് കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിമിശിഹാ സമൂഹത്തെ പഠിപ്പിക്കുന്നതെന്നു മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം.
മുള്ളൻകൊല്ലി ഫൊറോനയ്ക്കു കീഴിലുള്ള 12 ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ഗ്ലോറിയ-2024 എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്മസ് സന്ദേശറാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ക്രിസ്മസ് എന്ന് പിതാവ് പറഞ്ഞു.
സംഘാടക സമിതി രക്ഷാധികാരി ഫാ.ജസ്റ്റിൻ മൂന്നാനാൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഫാ.ജയിംസ് പുത്തൻപറന്പിൽ, കണ്‍വീനർ ഫാ.ബിജു മാവറ, ഡോ.കെ.പി. സാജു കൊല്ലപ്പള്ളി, ബ്രിജേഷ് കാട്ടാംകോട്ടിൽ, മേഴ്സി ബെന്നി അമരികാട്ട്, സിൽവി ജോയി എഴുമായിൽ എന്നിവർ പ്രസംഗിച്ചു.
റാലിയിലും സംഗമത്തിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കാളികളായി. കൃപാലയ സ്പെഷൽ സ്കൂൾ പരിസരത്ത് ആരംഭിച്ച റാലി താഴെയങ്ങാടിചുറ്റി തിരുഹൃദയ ദേവാലയാങ്കണത്തിൽ സമാപിച്ചു. 500 ഓളം ക്രിസ്മസ് പാപ്പാമാരും വാദ്യമേളങ്ങളുംഫൊറോന ദേവാലയം ഒരുക്കിയ പൂൽക്കുട് ടാബ്ലോയും റാലിയെ ചേതോഹരമാക്കി. 12 ഇടവകകളിൽനിന്നുള്ള 60തിൽപരം ഗായകർ ഒന്നിച്ചാലപിച്ച കാരൾ ഗാനവും മറ്റുപരിപാടികളും സംഗമത്തിന്റെ ഭാഗമായിരുന്നു.