സർഗോത്സവത്തിനു നാളെ മാനന്തവാടിയിൽ തുടക്കം
1490155
Friday, December 27, 2024 4:19 AM IST
മാനന്തവാടി: സംസ്ഥാനത്ത് പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 118 പ്രീ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ സർഗശേഷി മാറ്റുരയ്ക്കുന്നതിനുള്ള സർഗോത്സവം-2024ന് വയനാട് വേദിയാകും.
എഴുത്തുകാരൻ എം.ടി. വാസുദേവൻനായരുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണമായതിനാൽ ഇന്ന് നടത്താനിരുന്ന സർഗോത്സവം24 ന്റെ സംസ്ഥാനതല ഉദ്ഘാടനം 28ലേക്ക് മാറ്റിവച്ചതായി സംഘാടക സമിതി അറിയിച്ചു. 28ന് രാവിലെ ഒൻപതിന് മാനന്തവാടി വൊക്കേഷണൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിക്കും.
പ്രിയങ്ക ഗാന്ധി വദ്ര എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, പദ്മശ്രീ ചെറുവയൽ രാമൻ എന്നിവർ വിശിഷ്ടാതിഥികളാകും.ഇന്ന് നടത്താനിരുന്ന സ്റ്റേജ് മത്സരങ്ങൾ 28, 29 തീയതികളിലേക്ക് പുനഃക്രമീകരിച്ചു. സർഗോത്സവം സമാപന സമ്മേളനം 29ന് വൈകുന്നേരം ആറിന് തദേശസ്വയംഭരണഎക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
സർഗോത്സവത്തിൽ ഗദ്ദിക,തുടി, കനലി, പഞ്ചിത്താള്, പനച്ചകം എന്നീ അഞ്ച് സ്റ്റേജുകളിലായി പരന്പരാഗത ഗോത്രനൃത്തം, ഗോത്ര ഗാനങ്ങൾ, നാടകം, സംഘനൃത്തം, നാടോടിനൃത്തം, മിമിക്രി, ലളിതഗാനം, പ്രസംഗം, സംഘഗാനം, സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പടെ 31 ഇനങ്ങളിലാണ് മത്സരം. വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജില്ലയിൽ സംസ്ഥാനതല സർഗോത്സവം. വിവിധ ജില്ലകളിൽനിന്നുള്ള 1600 ഓളം കലാപ്രതിഭകൾ മാറ്റുരയ്ക്കും. മേള നഗരിയിൽ എക്സൈസ് വകുപ്പിന്റെ ’ജീവിതമാണ് ലഹരി’ എന്ന സന്ദേശത്തോടെയുള്ള പോസ്റ്റർ പ്രദർശനവും വിമുക്തി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.