കോഴിയും കൂടും പദ്ധതിയുമായി ഡബ്ല്യുഎസ്എസ്എസ്
1489364
Monday, December 23, 2024 2:55 AM IST
മാനന്തവാടി: ഉരുൾ, പ്രളയ ബാധിത കുടുംബങ്ങൾക്ക് വേഗത്തിൽ നിത്യവരുമാനം ഉറപ്പുവരുത്തുന്നതിന് കോഴിയും കൂടും പദ്ധതിയുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. പുഞ്ചിരിമട്ടം ദുരന്തത്തിൽപ്പെട്ടവർ മറ്റിടങ്ങളിൽ വാടകവീടുകളിലാണ് കഴിയുന്നത്.
പുതിയ സ്ഥലത്ത് തൊഴിൽ കണ്ടെത്താൻ കഴിയാത്തവർ നിത്യവരുമാനത്തിന് പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തികപിന്തുണയോടെയും മീനങ്ങാടി മടയ്ക്കൽ പൗൾട്ടി ഫാമിന്റെ സഹകരണത്തോടെയും പദ്ധതി പ്രാവർത്തികമാക്കിയത്.
ആദ്യഘട്ടത്തിൽ 68 കുടുംബങ്ങൾക്ക് ഹൈടെക് കൂടും 15 വീതം മുട്ടക്കോഴികളും വിതരണം ചെയ്തു. 17 ആഴ്ച വളർച്ചയെത്തിയ ബിവി 380 ഇനത്തിൽപ്പെട്ടതാണ് കോഴികൾ. നാല് ആഴ്ച കഴിയുന്പോൾ ഇവ മുട്ടയിടാൻ തുടങ്ങും.
പരിശീലനം നൽകിയശേഷമാണ് ഗുണഭോക്താക്കൾക്ക് കോഴിയും കൂടും വിതരണം ചെയ്തത്. പരിശീലനത്തിൽ മാനന്തവാടി വെറ്ററിനറി ആശുപത്രിയിലെ ഡോ.ഫഹ്മിദാ അഷർ ക്ലാസെടുത്തു.
എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ, ഫീൽഡ് സൂപ്പർവൈസർമാരായ ആലീസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവരാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്.