അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ്: കന്നുകാലി പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു
1489367
Monday, December 23, 2024 2:55 AM IST
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കിയ കന്നുകാലി പ്രദർശന സ്റ്റാൾ രാജ്യത്തെ വിവിധയിനം പശുക്കളുടെ പരിച്ഛേദമായി മാറി.
സംസ്ഥാനത്തിന്റെ തനത് പശുവർഗമാണ് വെച്ചൂർ പശു. കോട്ടയം ജില്ലയിലെ വെച്ചൂരാണ് സ്വദേശം. ഉയരക്കുറവ് പ്രത്യേകതയുള്ള ഇത്തരം പശുക്കളുടെ പാലിന് കൂടുതൽ ഒൗഷധഗുണങ്ങളുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കഴിവുള്ള വെച്ചൂർ പശുക്കൾ ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവരാണ്.
ആന്ധ്രാപ്രദേശിലെ നെല്ലൂർ, ഗുണ്ടൂർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഓഗോൾ പശുക്കളും ഉയർന്ന പാലുൽപാദന ശേഷിയുള്ളവരാണ്. ജനനസമയത്ത് ചുവപ്പ് കലർന്ന തവിട്ടു നിറത്തിൽ കാണപ്പെടുമെങ്കിലും കാലക്രമേണ തിളങ്ങുന്ന വെള്ള നിറമാകുമെന്നതാണ് ഇത്തരം പശുക്കളുടെ പ്രത്യേകത.
ഇന്ത്യൻ പശുക്കളിൽ ഏറ്റവും വലിപ്പമുള്ള ഇനമാണ് കാൻക്രജ്. വലിപ്പമുള്ള കൊന്പുകളാണ് കാൻക്രജ് പശുക്കളുടെ സവിശേഷത. എട്ട് മുതൽ 10 ലിറ്റർ പാലാണ് ദിവസേന ലഭിക്കുക. ഏകദേശം 500 മുതൽ 600 കിലോ വരെ ഭാരവും 1.2 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയരവുമുള്ള കാൻക്രജ് പശുക്കളിലെ ലക്ഷണമൊത്തവയ്ക്ക് മൂന്ന് ലക്ഷത്തിലധികം രൂപ ലഭിക്കും.
കറവക്കാലം കൂടുതലാണ് ഗീർ പശുക്കൾക്ക്. ഗുജറാത്തിലെ ഗിർ ജില്ലയിലാണ് ഈ ഇനം കൂടുതലായി കാണപ്പെടുന്നത്. നാടൻ പശുക്കളിൽ കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നത് വടകര കുള്ളനാണ്. മൂന്ന് മുതൽ നാല് ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് 100മുതൽ 125 സെന്റിമീറ്റർ ഉയരമാണ് ഉള്ളത്. വെച്ചൂർ പശുക്കളുമായി സ്വഭാവത്തിലും സമാനതകളിലും ഏറെ അടുപ്പമുള്ളവരാണ് വടകര പശുക്കൾ.
അന്യംനിന്നു പോകുന്ന നാടൻ പശുപരിപാലന സംസ്കാരത്തെ സംരക്ഷിക്കുക എന്നതാണ് പ്രദർശന സ്റ്റാൾ ഒരുക്കിയതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ പാൽ ഉത്പാദിപ്പിക്കാവുന്ന പശുക്കളുടെ ഇനം, അവയുടെ പരിപാലന രീതി, രോഗ സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയും സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. 29ന് കോണ്‍ക്ലേവ് സമാപിക്കും.