അവകാശനിഷേധം അവസാനിപ്പിക്കണം: പെൻഷനേഴ്സ് സംഘ്
1489902
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: പെൻഷൻകാരുടെ മിതവും ന്യായവുമായ അവകാശങ്ങൾ നിരന്തരം നിഷേധിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് മീനങ്ങാടി വിവേകാനന്ദ വിദ്യാമന്ദിറിൽ ചേർന്ന കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
19 ശതമാനം ക്ഷമാശ്വാസ കുടിശികയും അവസാന ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും ഉടൻ അനുവദിക്കുക, 11-ാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, കമ്മ്യൂട്ടേഷൻ കാലാവധി കഴിഞ്ഞവർക്ക് യഥാസമയം ബാക്കി തുക നൽകുക, 70 വയസ് കഴിഞ്ഞവർക്കളള ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ക്ഷാമാശ്വാസ ഗഡുക്കൾ, പെൻഷൻ പരിഷ്കരണ കുടിശിക എന്നിവ യഥാസമയം നൽകാതെ പെൻഷൻകാരുടെ ക്ഷമ സർക്കാർ പരീക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തി. ഭാരവാഹികളായി സി.പി. വിജയൻ(പ്രസിഡന്റ്),പി. മോഹൻദാസ്(സെക്രട്ടറി), എൻ. മണി(ട്രഷറർ)എന്നിവരെയും ഓഡിറ്ററായി കെ. അനന്തനെയും തെരഞ്ഞെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.കെ. ജയഭാനു ഉദ്ഘാടനം ചെയ്തു. സി.പി. വിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഈശ്വരൻ മാടമന, ടി.ജി. ബാബു രാജേന്ദ്രനാഥ്, പി.കെ. ശശിധരൻ, താമരക്കുളം ഉണ്ണികൃഷ്ണൻ നന്പൂതിരി, പി.എസ്. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.