പലിശ ഏകീകരണം: പ്രതിഷേധവുമായി ചീഫ് എക്സിക്യുട്ടീവ് ഫോറം
1489275
Sunday, December 22, 2024 7:59 AM IST
കൽപ്പറ്റ: കേരള ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശ പ്രാഥമിക സഹകരണ ബാങ്കുകൾ നിക്ഷേപകർക്ക് നൽകുന്ന പലിശയ്ക്കു തുല്യമാക്കുന്നതിൽ പ്രതിഷേധവുമായി ജില്ലാ പ്രാഥമിക വായ്പാ സഹകരണ സംഘം ചീഫ് എക്സിക്യുട്ടീവ് ഫോറം.
പ്രാഥമിക സഹകരണ സംഘങ്ങളെ തകർക്കുന്നതാണ് കേരള ബാങ്കിന്റെ നിലപാടെന്നാണ് ഫോറം വിലയിരുത്തൽ. പലിശ ഏകീകരണത്തിന് ആധാരമായ സർക്കുലർ പിൻവലിക്കാൻ കേരള ബാങ്കിനു സർക്കാർ നിർദേശം നൽകണമെന്നാണ് ഫോറത്തിന്റെ ആവശ്യം. നിലപാട് തിരുത്തണമെന്ന ആവശ്യവുമായി കേരള ബാങ്ക് ചെയർമാനു നൽകുന്ന നിവേദനം ഫോറം പ്രസിഡന്റ് എം.എൻ. മുരളി, സെക്രട്ടറി പി. ശ്രീഹരി, ട്രഷറർ ടി. വിജയേശ്വരി, മറ്റ് സർവീസ് ബാങ്ക് സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിൽ വയനാട് ക്രെഡിറ്റ് പ്രോസസിംഗ് സെന്റർ ഡിജിഎം വി.എം. ബിനുവിനു കൈമാറി.
കേരളത്തിലെ സഹകരണ സംഘങ്ങളുടെ പലിശ നിർണയ അധികാരം സഹകരണസംഘം രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിക്കുള്ളതാണെന്നു ഫോറം ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും നിയന്ത്രണം കേരള ബാങ്കിനു ബാധകമാണ്. ഭരണസമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ബാങ്ക് പുറപ്പെടുവിക്കുന്ന നിർദേശങ്ങളിൽ പലതും പ്രാഥമിക സഹകരണ മേഖലയുടെ വളർച്ച തടസപ്പെടുത്തുന്നതാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർക്കാരിനെയും വകുപ്പിനെയും നോക്കുകുത്തിയാക്കുന്ന സമീപനമാണ് ബാങ്ക് സ്വീകരിക്കുന്നത്.
സർക്കുലർ വ്യവസ്ഥ ലംഘിക്കുന്ന സഹകരണ സംഘത്തിൽനിന്നു നിക്ഷേപം സ്വീകരിക്കാനുള്ള അവകാശം എടുത്തുകളയുമെന്നാണ് സഹകരണ രജിസ്ട്രാർ അറിയിച്ചത്. കേരള ബാങ്കിന്റെ ഏകപക്ഷീയ പലിശനിരക്ക് പരിഷ്കരണത്തിനെതിരേ രജിസ്ട്രാറുടെ അധികാരം ഉപയോഗിക്കണം. മുന്പ് പ്രാഥമിക സംഘങ്ങളുടെ ഓഹരിത്തുക പിൻവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം സഹകാരികളുടെയും സംഘടനകളുടെയും കടുത്ത എതിർപ്പിനെത്തുടർന്നാണ് കേരള ബാങ്ക് പിൻവലിച്ചത്.
ആധുനിക ബാങ്കിംഗ് നടപ്പാക്കുന്നതിനും പ്രാഥമിക സംഘങ്ങളുടെ ഉന്നമനത്തിനും കുറഞ്ഞ നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതിനും മറ്റുമാണ് കേരള ബാങ്ക് രൂപീകരിച്ചത്. ഇതുവഴി കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ശക്തീകരണവും ജനകീയ അടിത്തറ വിപുലീകരണവും ലക്ഷ്യമിട്ടിരുന്നു. ഇക്കാര്യങ്ങൾ മറക്കുന്ന ഭരണസംവിധാനമാണ് കേരള ബാങ്കിനെ കുഴപ്പത്തിലാക്കുന്നതെന്നു നിവേദനത്തിൽ വിശദീകരിക്കുന്നുണ്ട്.