ഉരുൾപൊട്ടൽ ദുരന്തം: കരടുപട്ടിക റദ്ദാക്കണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ്
1489901
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനു സജ്ജമാക്കുന്ന ടൗണ്ഷിപ്പുകളിലേക്കുള്ള ഗുണഭോക്തൃ കുടുംബങ്ങളുടെ ഒന്നാംഘട്ട കരടുപട്ടിക റദ്ദുചെയ്യണമെന്ന് കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നോഡൽ ഓഫീസറെ നിയമിച്ചും മേപ്പാടിയിൽ പ്രത്യേക ഓഫീസ് തുറന്നും ദുരന്ത ബാധിതരുടെ ഗ്രാമസഭ വിളിച്ചുചേർത്തും പരാതികൾക്കിടനൽകാത്ത പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം.
സ്ഥലത്തില്ലാത്തവരും ദുരന്തബാധിതർ അല്ലാത്തവരും ആദ്യഘട്ടം കരടുപട്ടികയിലുണ്ട്. ഇത് തയാറാക്കിയതിൽ രാഷ്ട്രീയതാത്പര്യം സംശയിക്കണം. സർവകക്ഷി യോഗത്തിലും പിന്നീടു നടന്ന യോഗങ്ങളിലും എടുത്ത തീരുമാനങ്ങൾക്കു വിപരീതമായാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉൾപ്പെടുന്ന 11ാം വാർഡിൽ മാത്രം 70ലധികം പേരുകളിലാണ് ഇരട്ടിപ്പുള്ളത്. 10, 12 വാർഡുകളിലെ പട്ടികയിലും പേരുകളിൽ ഇരട്ടിപ്പുണ്ട്. അർഹർ പട്ടികയിൽനിന്ന് ഒഴിവായി.
പട്ടികയിലെ അപാകം ദുരന്തബാധിതരെ ആശങ്കയിലാക്കിയിരിക്കയാണ്. ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി പട്ടിക പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണം.
ദുരന്തത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സച്ചെലവും സർക്കാർ വഹിക്കണം.
താമസസ്ഥലം ഉൾപ്പെടെ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവർക്ക് സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകാൻ നടപടി സ്വീകരിക്കണം. ദുരന്തബാധിതർക്കായി സർക്കാർ ഉടമസ്ഥതയിൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കണം.
ഭവനങ്ങൾ വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യോഗം വിളിക്കുന്നതിനുമുന്പ് ടൗണ്ഷിപ്പുകൾക്കുള്ള സ്ഥലം എവിടെയെന്നു ഉറപ്പുവരുത്തണം.
ടൗണ്ഷിപ്പുകളിൽ താമസിക്കാൻ താത്പര്യമില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും വീട് നിർമിക്കുന്നതിനും സാന്പത്തിക സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷത വഹിച്ചു. അഡ്വ.വിജി വർഗീസ്, സജി കാപ്പംകുഴി, അഡ്വ.നാരായണൻ, ഉല്ലാസ് ജോർജ്, എ.സി. ടോമി, ജോണി തോട്ടുംകര, എം.ജി. മനോജ്, കെ.സി. മാണി, പി.പി. ബിനോയി, തങ്കച്ചൻ മേപ്പാടത്ത് എന്നിവർ പ്രസംഗിച്ചു.