27ന് മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചും ധർണയും
1489647
Tuesday, December 24, 2024 5:54 AM IST
മാനന്തവാടി: ജില്ലയിലെ പട്ടികജാതി-പട്ടികവർഗക്കാർക്കെതിരേനടത്തുന്ന അതിക്രമങ്ങൾക്കെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചതായി കേരള ആദിവാസി കോണ്ഗ്രസ് ജില്ലാകമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി 27ന് രാവിലെ 10ന് കേരള ആദിവാസി കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികവർഗ മന്ത്രി ഒ.ആർ. കേളുവിന്റെ മാനന്തവാടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. മാനന്തവാടി നഗരസഭയിലെ ഒഴക്കോടി, പുതിയകണ്ടി ഊരിലെ സുമേഷ് (42) ദിവസങ്ങൾക്ക് മുന്പ് വാഹനംതട്ടി മരിച്ച സംഭവത്തിൽ വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എടവക പഞ്ചായത്തിലെ നാല് സെന്റ് ഊരിലെ ചുണ്ടമ്മയുടെ മൃതദേഹം ആംബുലൻസ് വിട്ടുകൊടുക്കാതെ ഒട്ടോറിക്ഷയിൽ കൊണ്ടുപോയി അപമാനിക്കുകയായിരുന്നു. കൂടൽക്കടവ് ചെമ്മാട് ഊരിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട മാതനെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
തിരുനെല്ലി കൊല്ലിമൂല ആദിവാസി ഉന്നതിയിലെ മൂന്ന് കുടുംബങ്ങളുടെ കുടിൽ പൊളിച്ച് നീക്കിയായിരുന്നു വനം വകുപ്പ് ഭീകരത. ആംബുലൻസുകൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ട്രൈബൽ ഓഫീസിൽ നിന്നു കൊടുക്കുവാനുള്ള കുടിശിക നൽകണം. ആദിവാസികളുടെ ചികിത്സ ധനസഹായം അനുവദിക്കണം. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അനന്തൻ അന്പലക്കുന്ന്, നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. ഗോപി, ഉഷാ വിജയൻ, സുരേഷ് പാല്ലോട്ട് എന്നിവർ സംബന്ധിച്ചു.