വിജയരാഘവന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധയോഗവും പ്രകടനവും നടത്തി
1489641
Tuesday, December 24, 2024 5:54 AM IST
കൽപ്പറ്റ: രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും വിജയിച്ചത് മുസ്ലിം വർഗീയവാദികളുടെയും തീവ്രവാദികളുടെയും വോട്ടുകൊണ്ടാണെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ യോഗവും പ്രകടനവും നടത്തി.
വയനാട് പാർലിമെന്റ് മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും അപമാനിക്കുന്നതിന് തുല്യമാണ് വിജയരാഘവന്റെ പ്രസ്ഥാവനയെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒരു പ്രദേശത്തെ ജനങ്ങളെ ആകമാനം അപമാനിച്ചതിന് വിജയരാഘവൻ മാപ്പു പറയണം. മൃഗീയ ഭൂരിഭക്ഷം കണ്ട് അന്പരന്ന് സംഘപരിവാറുകാർ നടത്തിയ പ്രചാരണമാണ് അതേ നാണയത്തിൽ സിപിഎം ഇവിടെ ഉപയോഗിക്കുന്നത്. ഇത് ആരെ പ്രീതിപ്പെടുത്താനും ആരെ സംരക്ഷിക്കാനാണെന്നും വയനാട്ടിലെ ജനങ്ങൾക്കറിയാം. ഇന്ത്യൻ ഭരണഘടന മാറ്റിഎഴുതാൻ ശ്രമിച്ചവർക്കെതിരേ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകി മറുപടി നൽകിയ ഒരു ജനതെയെയാണ് സിപിഎം അപമാനിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തിലും പ്രകടനത്തിലും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഒ.വി. അപ്പച്ചൻ, പി.പി. ആലി, ബിനു തോമസ്, നിസി അഹമ്മദ്, പി.ഡി. സജി, ബീന ജോസ്, വിജയമ്മ, ശോഭനകുമാരി, രാജേഷ് കുമാർ, പി.കെ. അബ്ദുറഹിമാൻ, കമ്മനം മോഹനൻ, എം.യു. ഉലഹന്നാൻ, ബി. സുരേഷ്ബാബു, പോൾസണ്‍ കൂവക്കൽ, ജിൽസണ്‍ തൂപ്പുംക്കര, വർഗീസ് മുരിയങ്കാവിൽ തുടങ്ങിയവർ നേതൃത്വം നൽകി.