കബനിക്കായ് വയനാട് കാന്പയിന് തുടക്കമായി
1489646
Tuesday, December 24, 2024 5:54 AM IST
കൽപ്പറ്റ: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി കബനിക്കായ് വയനാട് കാന്പയിന്റെ ജില്ലാതല ഉദ്ഘാടനം എഡിഎം കെ. ദേവകി നിർവഹിച്ചു.
കബനിക്കായ് വയനാട്, സുരക്ഷിതമാക്കാം പശ്ചിമഘട്ടം കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ 26 തദ്ദേശസ്ഥാപനങ്ങളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാപ്പത്തോണ്‍ നടത്തി 1271 നീർച്ചാലുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഹരിതകേരളം മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സഹകരണത്തോടെ മാപ്പത്തോണിലൂടെ അടയാളപ്പെടുത്തി മുഴുവൻ നീർച്ചാലുകളും വീണ്ടെടുക്കുകയാണ് കാന്പയിൻ ലക്ഷ്യം.
വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്ത് തോട്ടം നീർച്ചാലിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ഹരിതകേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ. സുരേഷ് ബാബു, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം ഓഫീസർ പി.സി. മജീദ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജീവ് കുമാർ, വാർഡ അംഗം മേരിക്കുട്ടി മൈക്കിൾ എന്നിവർ പ്രസംഗിച്ചു.