ക്രിസ്മസ് നിറവിൽ വയനാട്
1489894
Wednesday, December 25, 2024 1:40 AM IST
കൽപ്പറ്റ: മനുഷ്യരക്ഷയ്ക്കു യേശുദേവൻ കാലിത്തൊഴുത്തിൽ പിറന്നതിന്റെ ഓർമ പുതുക്കി വയനാടൻ ജനത.
ക്രൈസ്തവ ഇതര ജനവിഭാഗങ്ങളും ക്രിസ്മസ് ആഘോഷത്തിൽ പങ്കാളികളായി. ജില്ലയിലാകെ ഇടവകകളിലെ വാർഡ് സമിതികളുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ക്രിസ്മസ് കരോൾ നടന്നു. മാനന്തവാടി രൂപതയിലെ മിക്ക ദേവാലയങ്ങളിലും ഇന്നലെ രാത്രി ഏഴിനും പത്തിനും ഇടയിൽ തിരുപ്പിറവി ശുശ്രൂഷ നടത്തി.
വിശ്വാസികൾ കുടുംബസമേതം ദേവാലയങ്ങളിലെത്തി ക്രിസ്മസ് ചൈതന്യം ഉൾക്കൊണ്ടു.
കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ രാത്രി എട്ടിന് ആരംഭിച്ച ശുശ്രൂഷയിൽ മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം മുഖ്യകാർമികനായി.
ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മൂലങ്കാവ് പള്ളിയിൽ തിരുപ്പിറവി കർമങ്ങൾക്കു നേതൃത്വം നൽകി
മാനന്തവാടി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ലീഡേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി.
കുഴിനിലം ടെസാ സ്പെഷൽ സ്കൂളിൽ ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. പരസ്പരം സ്നേഹിക്കാനും സാഹോദര്യം പങ്കുവയ്ക്കുവാനും ആഹ്വാനം ചെയ്യുന്ന ക്രിസ്മസിനെ സ്വയം നവീകരണത്തിന് അവസരമായി കാണണമെന്നു ബിഷപ് പറഞ്ഞു.
അമലോദ്ഭവ മാതാ ദേവാലയ വികാരി ഫാ.വില്യം രാജൻ അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് ഇടവക വികാരി ഫാ.റോയി വലിയപറന്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് അരുണ് വിൻസന്റ്, മാനന്തവാടി രൂപത കാത്തലിക് ടിച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് സജിൻ ജോസ് ചാലിൽ, മാനന്തവാടി നഗരസഭാ കൗണ്സിലർമാരായ പി.വി. ജോർജ്, ഷീജ മോബി, ഗുരുകുലം പ്രിൻസിപ്പൽ ഷാജൻ ജോസ്, ടെസാ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലസ്റ്റിന എന്നിവർ പ്രസംഗിച്ചു. തോമസ് വയനാടും പിന്നണി ഗായകൻ സുഭാഷ് കൃഷ്ണയും നടത്തിയ ഇന്ററാക്ടീവ് ഡ്രം സർക്കിൾ പ്രോഗ്രാം നടന്നു.
സുൽത്താൻ ബത്തേരി: എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ ക്രിസ്മസ് ആഘോഷിച്ചു.
കാരൾ ഗാന മത്സരം, ക്രിസ്മസ് പാപ്പാ മത്സരം എന്നിവ നടന്നു. എക്യുമെനിക്കൽ ഫോറത്തിന്റെ രജതജൂബിലി ആഘോഷത്തിനു തുടക്കമിട്ടു. ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടാനം ചെയ്തു. സെബാസ്റ്റ്യൻ കീഴ്പ്പള്ളിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫാ.തോമസ് മണക്കുന്നേൽ, ഫാ.ബേബി ഏലിയാസ്, ഫാ. പോൾ ആൻഡ്രൂസ്, ഫാ.ജോസഫ് പി. വർഗീസ്, ഫാ. സുനിൽ എടച്ചേരി, പ്രഫ.എ.വി. തരിയത്, വർഗീസ് കാട്ടാന്പള്ളി, ബില്ലി ഗ്രഹാം എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വർഷം പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
കൽപ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ ക്രിസ്മസ് ആഘോഷിച്ചു. കർഷക മിത്രം അഗ്രി പ്രൊഡ്യൂസർ കന്പനി ചെയർമാൻ പി.എം. ജോയി ഉദ്ഘാടനം ചെയ്തു.
പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ക്രിസ്മസ് സന്ദേശം നൽകി. നൻമയുടെയും സ്നേഹത്തിന്റെയും മുഖം സ്വന്തമാക്കാൻ ഏവരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ടി.എം. ജയിംസ്, എം. കമൽ, എ.എസ്. ഗിരീഷ്, ഒ. മുസ്തഫ, സി.വി. ഷിബു എന്നിവർ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ് സ്വാഗതവും ട്രഷറർ ജിതിൻ ജോസ് നന്ദിയും പറഞ്ഞു.