ജനവിരുദ്ധമായ വനനിയമ ഭേദഗതികൾ ഉപേക്ഷിക്കണം: കിസാൻസഭ
1489642
Tuesday, December 24, 2024 5:54 AM IST
കൽപ്പറ്റ: പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വനനിയമ ഭേദഗതികൾ കർഷക വിരുദ്ധമാണെന്നും വനത്തിനോടു ചേർന്നു ജീവിക്കുന്ന കർഷകരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുമെന്നും കിസാൻ സഭ ജില്ലാ സമ്മേളനം വിലയിരുത്തി. ഈ രൂപത്തിലുള്ള വനനിയമ ഭേദഗതികൾ ഉപേക്ഷിക്കണമെന്നും കർഷകർക്ക് അനുകൂലമായ രീതിയിൽ നിയമ ഭേദഗതി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കിസാൻ സഭയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, അടുത്ത മൂന്ന് വർഷത്തേക്ക് കിസാൻസഭയുടെ പ്രവർത്തന ശൈലിക്കു രൂപം നൽകുന്നതിനും സമ്മേളനം പരിപാടികൾ ആവിഷ്കരിച്ചു.
പട്ടയരഹിത കർഷകരുടെ പ്രശ്നം, വന്യജീവി ആക്രമണം, കാർഷിക ഉത്പന്നങ്ങളുടെ വില സ്ഥിരത, ബാങ്കുകളുടെ ജപ്തി നടപടികൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിന് സമ്മേളനം ശക്തമായ പരിപാടികൾ ആവിഷ്കരിച്ചു. സമ്മേളനം കിസാൻസഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ പി. തുളസിദാസ മേനോൻ, ടി.കെ. രാജൻ, സിപിഐ നേതാക്കളായ ഇ.കെ. ബാബു, പി.കെ. മൂർത്തി, സി.എസ്. സ്റ്റാൻലി, വിജയൻ ചെറുകര, അന്പി ചിറയിൽ, പി.എം. ജോയി, വി. യൂസഫ്, ദിനേശൻ, ജി. മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.എം. ജോയി (പ്രസിഡന്റ്), വി.കെ. ശരിധരൻ (സെക്രട്ടറി), കെ.എം. ബാബു (ട്രഷറർ), എം.എം. ജോർജ്, കെ.പി. രാജൻ (വൈസ് പ്രസിഡന്റുമാർ), കെ.പി. അസൈനാർ, ദിനേശൻ (അസിസ്റ്റന്റന്റ് സെക്രട്ടറിമാർ)എന്നിവരെ തെരഞ്ഞെടുത്തു. ഇരുപ ത്തൊന്നംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.