എൻഎസ്എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനം: ബാലകൃഷ്ണൻ നായർ
1489643
Tuesday, December 24, 2024 5:54 AM IST
തരിയോട്: എൻഎസ്എസ് സാമൂഹ്യ പ്രസക്തിയുള്ള പ്രസ്ഥാനമായി വളർന്നതായി എൻഎസ്എസ് നായകസഭാംഗം ബാലകൃഷ്ണൻ നായർ പറഞ്ഞു. എൻഎസ്എസ് തരിയോട് മേഖലാ സമ്മേളനം കാവുംമന്ദം പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്നത്ത് പത്മനാഭൻ നേതൃത്വം കൊടുത്ത് വളർത്തിയ പ്രസ്ഥാനം ഇന്ന് അവഗണിക്കാൻ കഴിയാത്ത ശക്തിയായി വളർന്നതായി അദ്ദേഹം പറഞ്ഞു. യൂണിയൻ താലൂക്ക് പ്രസിഡന്റ് പി.കെ. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി. സുധീരൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. കരയോഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 16 മുതിർന്ന അംഗങ്ങളെയും വിവിധ കരയോഗങ്ങൾക്ക് സ്ഥലം സംഭാവന ചെയ്തവരെയും ആദരിച്ചു. പ്രതിഭകളെ ആദരിക്കൽ എൻഎസ്എസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബാബു പ്രസന്നകുമാർ നിർവഹിച്ചു.
മുന്നാക്ക സമുദായ സംവരണം എല്ലാ മേഖലകളിലും ഇരുപത് ശതമാനമായി ഉയർത്താൻ കേന്ദ്ര കേരള സർക്കാരുകൾ തയാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ കെ. മുരളീധരൻ മക്കോളി, എൻ.ടി. പത്മനാഭൻ നായർ, വിജയശ്രീ, സുരേഷ് ബാബു വാളൽ, സി.ടി. നളിനാക്ഷൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, പി.വി. ഹനീഷ്, കെ.പി. ശിവദാസ്, ലക്ഷ്മിക്കുട്ടി അമ്മ, ടി.കെ. മോഹൻദാസ്, പി.എസ്. സരിത, പി.വി. വിനോദ് കുമാർ, വത്സല നളിനാക്ഷൻ, ശ്യാം ഘോഷ് എന്നിവർ പ്രസംഗിച്ചു. പൊതു സമ്മേളനത്തിന് മുന്നോടിയായി ടൗണിൽ ഘോഷയാത്ര നടത്തി. വിവിധ കലാപരിപാടികളും നടന്നു.