ആദിവാസിയെ റോഡിൽ വലിച്ചിഴച്ചസംഭവം : വധശ്രമത്തിനു കേസെടുക്കണം: ഗോത്രമഹാസഭ
1488537
Friday, December 20, 2024 6:06 AM IST
കൽപ്പറ്റ: പയ്യന്പള്ളി ചെമ്മാട് ഉന്നതിയിലെ മാതനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കണ്വീനർ എം. ഗീതാനന്ദൻ, സംസ്ഥാന സമിതി അംഗങ്ങളായ രമേശൻ കൊയാലിപ്പുര, ഗോപാലൻ മരിയനാട് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാതനെ റോഡിൽ വലിച്ചിഴച്ചവർക്കെതിരേ കൃത്യത്തിന്റെ കാഠിന്യം അനുസരിച്ചുള്ള കുറ്റങ്ങൾ ചുമത്തിയിട്ടില്ല. പ്രതികൾക്കു രക്ഷപ്പെടാൻ പഴുതു നൽകുന്ന വിധത്തിലാണ് എഫ്ഐആർ തയാറാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ 296(ബി), 351(2), 126(2), 115(2), 110, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. ഇതിൽ പ്രധാനം ബോധപൂർവമല്ലാത്ത നരഹത്യാശ്രമത്തിനുള്ള 110-ാം വകുപ്പ് മാത്രമാണ്.
ഇതിനു പകരം വധശ്രമത്തിനുള്ള 109ാം വകുപ്പുപ്രകാരം കേസെടുക്കണം. ഒരാളെ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ വാതിലിൽ കൈകുരുക്കി അര കിലോമീറ്ററോളം വലിച്ചിഴച്ചത് വധശ്രമം തന്നെയാണ്. കേസിൽ കുറ്റപത്ര സമർപ്പണവും വിചാരണയും സമയബന്ധിതമായി നടത്തണം. പ്രതികളുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കണം. ചെമ്മാട്, ചാലിഗദ്ദ പ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ബാധകമാക്കണം. പ്രദേശത്തെ തടയണ പൊളിച്ചുനീക്കണം.
ആംബുലൻസ് ലഭ്യമാക്കാത്തതിന്റെ പേരിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടത് നീതിനിഷേധമാണ്. എല്ലാ കുറ്റങ്ങളും പ്രമോട്ടറുടെ തലയിൽ കെട്ടിവച്ചത് ആദിവാസി വിഭാഗങ്ങളെ ഇപ്പോഴും മനുഷ്യരായി കാണാത്തതിനു മറ്റൊരു ഉദാഹരണമാണ്. ഭരണപരമായ ഉത്തരവാദിത്തം പട്ടികവർഗ ക്ഷേമവകുപ്പ് ഉദ്യോഗസ്ഥർക്കാണ്. പ്രമോട്ടറെ തിരിച്ചെടുക്കാനും ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകണം. മൃതദേഹം ഓട്ടോറിക്ഷയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയതിൽ ഗൂഢാലോചന പ്രകടമാണ്. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ദൗർഭാഗ്യകരമാണെന്നും ഗോത്രമഹാസഭാ നേതാക്കൾ പറഞ്ഞു.