വന നിയമ ഭേദഗതി കരട് ബിൽ പിൻവലിക്കണം: കത്തോലിക്ക കോണ്ഗ്രസ്
1488837
Saturday, December 21, 2024 5:18 AM IST
മാനന്തവാടി: വന നിയമ ഭേദഗതി ബിൽ കരട് പിൻവലിക്കണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
വനപാലകർക്ക് കർഷകരെയും വനാതിർത്തിയിൽ ജീവിക്കുന്നവരെയും ദ്രോഹിക്കാൻ അധികാരം നൽകുന്നതാണ് പ്രസ്തുത ബില്ല്. ജനങ്ങളെ വന്യജീവികളിൽ നിന്നു രക്ഷിക്കേണ്ടതിനു പകരം വന്യജീവികൾക്ക് നാട്ടിൽ സ്വതന്ത്രമായി വികരിക്കാനും ജനങ്ങളെ ദ്രോഹിക്കാനും മാത്രമേ ബില്ലുകൊണ്ട് പ്രയോജനമുള്ളൂ. വന്യജീവികളെ വനത്തിൽ സംരക്ഷിക്കാനുള്ള നിയമമാണ് വേണ്ടത്.
വനനിയമ ഭേദഗതി പ്രകാരം വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് നൽകുന്നത് ദുരുപയോഗം ചെയ്യും. വന്യജീവി വർധന നിയന്ത്രിക്കാനും കർഷകന്റെ കൃഷിയിടങ്ങളെയും ജീവനോപാധികളെയും സംരക്ഷിക്കാനും ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നിയമങ്ങളാണ് ഉണ്ടാക്കേണ്ടത്. നിയമങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാകണം, അല്ലാതെ ജനദ്രോഹപരമായിരിക്കരുത്.
ദ്വാരകിൽ നടന്ന പ്രതിഷേധ മാർച്ച് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കു ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ട്രഷറർ സജി ഫിലിപ്പ് കഴുതാടിയിൽ, തോമസ് പട്ടമന, ബിനു ഏറനാട്, ജോണ്സണ് കുറ്റിക്കാട്ടിൽ, സജി ഇരട്ടമുണ്ടയ്ക്കൽ, ലൗലി ഇല്ലിക്കൽ, ഡേവി മാങ്കുഴ, സുനിൽ പാലമറ്റം, മാത്യു ചോന്പാല എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിൽ നിർദിഷ്ട വനം ഭേദഗതി ബില്ലിന്റെ കരട് കത്തോലിക്ക കോണ്ഗ്രസ്പ്രവർത്തകർ കത്തിച്ചു.