ബയോവിൻ അഗ്രോ റിസർച്ച് പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി ജി.ആർ. അനിൽ
1488839
Saturday, December 21, 2024 5:18 AM IST
മാനന്തവാടി: വയനാട്ടിലെ ജൈവ കർഷകരുടെ ഉന്നമനം ലക്ഷ്യംവച്ച് ബയോവിൻ അഗ്രോ റിസർച്ച് നടത്തുന്ന പ്രവർത്തനങ്ങൾ നാടിനും രാജ്യത്തിനുതന്നെയും മാതൃകയാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അഭിപ്രായപ്പെട്ടു.
ബയോവിൻ സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഇരുപതിനായിരത്തോളം വരുന്ന ചെറുകിട നാമമാത്ര കർഷകരെ ഒരു കുടകീഴിൽ അണിനിരത്തി, പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും നൽകി, അവരുടെ ഉത്പന്നങ്ങൾ അധിക വിലനൽകി സംഭരിച്ച്, സംസകരണവും മൂല്യവർധനവും നടത്തി അന്താരാഷ്ട്ര ആഭ്യന്തര വിപണികളിൽ എത്തിക്കുന്ന ബയോവിൻ അഗ്രോ റിസർച്ച് ജില്ലയിലെത്തന്നെ ഏറ്റവും വലിയ വ്യവസായമായി മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജൈവ കാർഷിക മേഖലയിൽ ഇത്രയും കർഷകരെ ഉൾച്ചേർത്തുകൊണ്ടുള്ള ഒരു പരിപാടി സംസ്ഥാനത്ത് ഇല്ലെന്നും ഇതിന് നേതൃത്വം നൽകുന്ന മാനന്തവാടി രൂപതയേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെയും ഏറെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബയോവിന്‍ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ചടങ്ങിൽ സംസാരിച്ച കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. കറുത്തമണി പറഞ്ഞു.മാനന്തവാടി രൂപതാ വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോലിക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സണ്‍ രത്നവല്ലി, വൈസ് ചെയർപേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യൻ, കോഴിക്കോട് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ എൻ.ജെ. മുനീർ, കാനറാ ബാങ്ക് ചീഫ് മാനേജർ കെ.എൻ. ആനന്ദനായക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബയോവിൻ അഗ്രോ റിസർച്ച് മാനേജിംഗ് ഡയറക്ടർ ഫാ. ജോണ്‍ ചൂരപ്പുഴയിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ബിനു പൈനുങ്കൽ, മുനിസിപ്പാലിറ്റി കൗണ്‍സിലർ സ്മിത തോമസ്, ആലീസ് സിസിൽ പ്രസംഗിച്ചു.