ദുരന്തബാധിതരെ സഹായിക്കേണ്ടവർ മുഖംതിരിഞ്ഞു നിൽക്കുന്നു: കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
1488529
Friday, December 20, 2024 6:06 AM IST
സുൽത്താൻ ബത്തേരി: വിലങ്ങാടും വയനാട് പുഞ്ചരിമട്ടത്തും ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ഇരകളെ അടിയന്തരമായി സഹായിക്കേണ്ടർ മുഖംതിരിഞ്ഞുനിൽക്കുകയാണെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായി കെസിബിസിയും ബത്തേരി രൂപതയും ചേർന്നു നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു പിതാവ്.
ദുരിതമനുഭവിക്കുന്ന നൂറ് കുടുംബങ്ങൾക്ക് ജാതിമതഭേദമന്യേ വീടു നിർമിച്ചുനൽകുമെന്ന് കത്തോലിക്കാസഭ വാഗ്ദാനം ചെയ്തിരുന്നു. പത്തുകോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്.
കെസിബിസിയുടെ ആഹ്വാനത്തോട് ക്രിയാത്മകമായാണ് ബത്തേരി രൂപത സഹകരിച്ചത്. ബത്തേരി രൂപതയുടെ മനുഷ്യബന്ധവും പ്രതിബദ്ധതയും എക്കാലവും സജീവമാണ്. നൻമ ചെയ്യുന്പോഴും വിമർശനങ്ങളും ഒറ്റപ്പെടലുമുണ്ടാകാം. നിർധന കുടുംബങ്ങൾക്കായി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ് നടപ്പാക്കുന്ന ഭവന പദ്ധതി ചെറിയ കാര്യമല്ല. ഭവനപദ്ധതികൾ പൂർണമാകുന്നത് തറക്കല്ലിടുന്പോഴല്ല, നിർമാണം പൂർത്തിയാക്കി ഓഡിറ്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്പോഴാണെന്നും കാതോലിക്ക ബാവ പറഞ്ഞു.
സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എഫ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ആമുഖപ്രഭാഷണവും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണവും നടത്തി. ഫാ.ജോർജ് വെട്ടിക്കാട്ടിൽ, ഫാ. ഏബ്രഹാം തലോത്തിൽ, ഫാ. ഡേവിഡ് ആലിങ്കൽ, ഫാ. ജോണ് ചെരുവിള, എലിസബത്ത് ജോർജ്, എബി ഏബ്രഹാം, ഫാ. ജയിംസ് മേലേപറന്പിൽ എന്നിവർ പ്രസംഗിച്ചു.