മുള്ളൻകൊല്ലി ഫൊറോന സംയുക്ത ക്രിസ്മസ് ആഘോഷം 21 ന് പുൽപ്പള്ളിയിൽ
1488332
Thursday, December 19, 2024 6:50 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകകളുടെ നേതൃത്വത്തിൽ 21ന് വൈകുന്നേരം 3.30ന് പുൽപ്പള്ളി ടൗണിൽ ഗ്ലോറിയ 2024 സംയുക്ത ക്രിസ്മസ് ആഘോഷവും ക്രിസ്മസ് സന്ദേശ റാലിയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ക്രിസ്മസ് സന്ദേശം നൽകും. 3.30ന് കൃപാലയ സ്പെഷൽ സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന ക്രിസ്മസ് സന്ദേശറാലി താഴെയങ്ങാടി ചുറ്റി പുൽപ്പള്ളി ടൗണ്‍ തിരുഹൃദയ ദേവാലയത്തിൽ സമാപിക്കും.
500 ഓളം ക്രിസ്മസ് പാപ്പാമാരുൾപ്പെടെ 5,000ത്തോളം പേർ റാലിയിൽ പങ്കെടുക്കും. തുടർന്ന് മെഗാ ക്രിസ്മസ് കരോൾ ഗാനവും വിവിധ പരിപാടികളും നടക്കും. പ്ലോട്ടുകളും വാദ്യമേളങ്ങളും 12 ഇടവകയിൽ നിന്നുള്ള 60 ൽ പരം ഗായകർ ഒന്നിച്ചൊരുക്കുന്ന കരോൾ ഗാനലാപനവും നടക്കും.
ചെയർമാൻ ഫാ. ജെയിംസ് പുത്തൻപറന്പിൽ, രക്ഷാധികാരി ഫാ. ജസ്റ്റിൻ മൂന്നാനാൽ, കണ്‍വീനർ ഫാ. ബിജു മാവറ, ഡോ.കെ.പി. സാജു കൊല്ലപ്പള്ളി, ബാബു നന്പുടാകം, ബ്രിജേഷ് കാട്ടാംകോട്ടിൽ, മേഴ്സി ബെന്നി അമരികാട്ട്, സിൽവി ജോയി എഴുമായിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.