ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചിട്ടും യാത്രക്കാർക്ക് ആശ്രയം കടത്തിണ്ണ
1488331
Thursday, December 19, 2024 6:50 AM IST
വെള്ളമുണ്ട: തരുവണയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഒന്പതുലക്ഷം രൂപ ചെലവിൽ നവീകരിച്ചിട്ടും യാത്രക്കാർക്ക് ആശ്രയം കടത്തിണ്ണകൾ.
നിർമാണത്തിലെ അശാസ്ത്രീയതയാണ് ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാർക്ക് ഉപകാരപ്പെടാത്തതിനു കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിൽ നിർത്തുന്നില്ല. ഇതിനടുത്ത് ഉപയോഗശൂന്യമായ കിണറിനോട് ചേർന്നുള്ള ഓവുചാലിന് സ്ലാബ് ഇടാത്തതു യാത്രക്കാർക്ക് ഭീഷണിയായി. തരുവണയിൽനിന്നു കുറ്റ്യാടി ഭാഗത്തേക്കുക്കുള്ള ബസ് യാത്രക്കാർക്കാണ് ബസ് പിടിക്കുന്നതിന് മഴത്തും വെയിലത്തും റോഡരികിലെ പീടികത്തിണ്ണയെ ആശ്രയിക്കേണ്ടി വരുന്നത്.
വെള്ളമുണ്ട ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വിദ്യാർഥികളും പടിഞ്ഞാറത്തറ ഭാഗത്തുനിന്നു വന്നു കുറ്റ്യാടി ഭാഗത്തേക്ക് പേവേണ്ടവരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. തരുവണയിൽനിന്നു മാനന്തവാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തിരിപ്പിനു സംവിധാനമുണ്ട്.പടിഞ്ഞാറത്തറ റോഡിൽ പൊതുമരാമത്ത് വകുപ്പ് 20 വർഷംമുന്പ് നിർമിച്ച വെയിറ്റിംഗ് ഷെഡ് വെള്ളമുണ്ട 2022-23ലെ പ്ലാൻഫണ്ടിൽനിന്നു തുക ലഭ്യമാക്കിയാണ് നവീകരിച്ചത്.
ടൗണിലെ ഉപയോഗശൂന്യമായ കിണറിനുമുകളിലടക്കം സ്ട്രസ് വർക്കും മോടിപിടിപ്പിക്കലും നടത്തി അശാസ്ത്രീയമായാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. മൂന്ന് ലക്ഷത്തോളം രൂപയാണ് മോടിപിടിപ്പിക്കാനുള്ള എസിപി വർക്കിനു മാത്രം ചെലവഴിച്ചത്. നിർമാണം പൂർത്തിയായപ്പോൾ ബസ്കാത്തിരിപ്പുകേന്ദ്രത്തിന്റെ പേര് വാഹനകാത്തിരിപ്പുകേന്ദ്രമെന്നാക്കി ബോർഡ് സ്ഥാപിച്ചു. ഒന്പത് ലക്ഷം രൂപ ചെലവഴിച്ച് ഇവിടെ നിർമാണം നടത്തുന്നതിനെതിരേ തുടക്കത്തിൽത്തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ഇതവഗണിച്ചാണ് പ്രവൃത്തി നടത്തിയത്. പ്രദേശത്തെ കടയുടമ കോടതിയെ സമീപിച്ച് നിർമാണത്തിന് സ്റ്റേ സന്പാദിച്ചിരുന്നു. ദിവസവും അനേകം വിദ്യാർഥികൾ ആശ്രയിക്കുന്നതാണെന്നു പഞ്ചായത്ത് കോടതിയിൽ ബോധിപ്പിച്ചാണ് തടസം നീക്കിയത്.