അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ്: മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
1488531
Friday, December 20, 2024 6:06 AM IST
കൽപ്പറ്റ: പൂക്കോട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് മൃഗസംരക്ഷണക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി 21ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും. കന്നുകാലി, മൃഗസംരക്ഷണ മേഖലകളുടെ സമഗ്ര വികസനവും ക്ഷീര കർഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പൗൾട്രി, അഗ്രിക്കൾച്ചർ മേഖലയിലെ സ്റ്റാളുകൾ ഒരുക്കും.
പക്ഷിമൃഗാദികളുടെ പ്രദർശനം, മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെയും സർക്കാർ ഇതര സ്ഥാപങ്ങളുടെയും പ്രദർശന സ്റ്റാളുകൾ സജ്ജമാക്കും.
കന്നുകാലി, ക്ഷീര കാർഷിക മേഖലയിലെ സാധ്യതകൾ, വെല്ലുവിളികൾ, വന്യജീവി ആക്രമണം തടയാന്നുള്ള സാധ്യതകൾ, ക്ഷീര കാർഷിക മേഖലയിലെ സംരംഭകത്വ ശാക്തീകരണം, സമുദ്ര മത്സ്യബന്ധന മേഖല തുടങ്ങി വിവിധ വിഷയങ്ങൾ വിദഗ്ധർ സെമിനാറുകൾ നയിക്കും.
കർഷകർക്ക് കന്നുകാലി സംബന്ധമായ രോഗങ്ങൾ, ചികിത്സ, മറ്റ് സംശയങ്ങൾക്കായി തത്സമയ കണ്‍സൾട്ടൻസി സൗകര്യവും ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രവേശനം. 29ന് അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സമാപിക്കും.
ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷനാവുന്ന പരിപാടിയിൽ എംഎൽഎമാരായ കെ.എം. സച്ചിൻദേവ്, ഇ.കെ. വിജയൻ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല ഡയറക്ടർ ടി.എസ്. രാജീവ്, വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല വൈസ് ചാൻസിലർ ഡോ. ടി. പ്രദീപ് കുമാർ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.