ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം ബത്തേരിയിൽ
1488530
Friday, December 20, 2024 6:06 AM IST
കൽപ്പറ്റ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം 21,22 തീയതികളിൽ ബത്തേരി സ്റ്റെർലിംഗ് റിസോർട്ടിൽ ചേരുമെന്ന് സംഘാടക സമിതി ചെയർപേഴ്സണ് ഡോ. രാധമ്മ പിള്ള, കണ്വീനർ ഡോ. സജി ജോസഫ്, ഐവിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. ജയരാജ്, ഡോ.വി.ജെ. മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശാസ്ത്രീയ സെമിനാർ, ഉദ്ഘാടന സമ്മേളനം, സാംസ്കാരിക പരിപാടി, വാർഷിക ജനറൽ ബോഡി യോഗം എന്നിവ സമ്മേളനത്തിന്റെ ഭാഗമാണ്. ’പശുക്കളിലെ വന്ധ്യത’ എന്ന വിഷയത്തിൽ 21ന് രാവിലെ 10നാണ് ശാസ്ത്രീയ സെമിനാർ. ഐവിഎ അംഗങ്ങളായ 150 പേർ പങ്കെടുക്കും. ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ. ബ്രിജേഷ്കുമാർ യാദവ് പ്രബന്ധം അവതരിപ്പിക്കും.
സമ്മേളനം ഉദ്ഘാടനം ഉച്ചകഴിഞ്ഞ് രണ്ടിന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് എന്നിവർ പങ്കെടുക്കും. വൈകുന്നേരം സാംസ്കാരിക പരിപാടി പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
ഐവിഎ സംസ്ഥാന അവാർഡ് ജേതാക്കളായ ഡോ. ജയശ്രീ ആലപ്പുഴ (മികച്ച വെറ്ററിനറി ഡോക്ടർ), ഡോ.കെ.എം. മഞ്ജുഷ മാട്ടുപ്പെട്ടി, ഡോ.രശ്മി രവീന്ദ്രനാഥ്(എമേർജിംഗ് ഡോക്ടർമാർ), ഡോ.ബിന്ദു ലക്ഷ്മണൻ മണ്ണുത്തി, ഡോ.വൃന്ദ മേനോൻ മണ്ണുത്തി(മികച്ച അധ്യാപകർ) എന്നിവരെ ആദരിക്കും.