ആദിവാസി വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണം: എൽഡിഎഫ്
1488334
Thursday, December 19, 2024 6:50 AM IST
കൽപ്പറ്റ: കൂടൽക്കടവിൽ വിനോദസഞ്ചാരത്തിനെത്തിയവർ കാറിൽ ഇരുന്ന് ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ചതും എടവകയിൽ പട്ടികവർഗ വയോധികയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം തത്പരകക്ഷികൾ അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാറിൽ സഞ്ചരിച്ചവർ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ മുഖ്യമന്ത്രിയും പട്ടികജാതി-വർഗ ക്ഷേമ മന്ത്രിയും കർശന നിലപാടാണ് സ്വീകരിച്ചത്.
ചുണ്ടമ്മയുടെ മൃതദേഹം സംസ്കരിക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടിവന്നത് ദൗർഭാഗ്യകരമാണ്. ആംബുലൻസ് ലഭ്യമാക്കുന്നതിൽ ട്രൈബൽ പ്രാമോട്ടറേക്കാൾ ഉത്തരവാദിത്തം വാർഡ് അംഗത്തിനും പഞ്ചായത്ത് ഭരണസമിതിക്കുമുണ്ട്. അത് നിർവഹിക്കാതെ പ്രമോട്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ആംബുലൻസ് ഉടൻ എത്തുമെന്നും കാത്തുനിൽക്കണമെന്നുമുള്ള പ്രമോട്ടറുടെ അഭ്യർഥന മാനിക്കാതെയാണ് ചിലർ ഇടപെട്ട് ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയത്.
ഈ സംഭവങ്ങളുടെ പേരിൽ വകുപ്പുമന്ത്രിയെ ഒറ്റപ്പെടുത്താനും ആക്രമിക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നു യോഗം അഭിപ്രായപ്പെട്ടു.