സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സ്വപ്നത്തിന് കാവലാളായി മുഹമ്മദ് അസ്ലം
1485105
Saturday, December 7, 2024 5:15 AM IST
മാനന്തവാടി: തവിഞ്ഞാൽ 44 ലെ എസ്റ്റേറ്റ് പുൽമൈതാനത്ത് പന്തുതട്ടി കളിച്ച് വളർന്ന മുഹമ്മദ് അസ്ലമെന്ന 22കാരൻ സന്തോഷ് ട്രോഫിയിൽ കേരള ടീമിന് വേണ്ടി ബൂട്ടണിഞ്ഞ് വടക്കെ വയനാടിന്റ് അഭിമാനമായി മാറിയിരിക്കുകയാണ്. പ്രഥമ സൂപ്പർ ലീഗ് കേരളയിൽ ചാന്പ്യൻമാരായ കോഴിക്കോട് എഫ്സിയുടെ പ്രതിരോധ കോട്ടയിലെ വിശ്വസ്തനായിരുന്നു അസ്ലം.
മംഗലാപുരം യെനെപോയ യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാർഥിയായ അസ്ലമിന്റെ പ്രതിഭയ്ക്ക് മൂർച്ചവച്ചത് കോളജ് ക്യാന്പസിൽ നിന്നാണ്. കഴിഞ്ഞവർഷം ഓൾ ഇന്ത്യ ടീമിലെ ക്യാപ്റ്റനായിരുന്നു ഈ ഫുട്ബോൾ പ്രതിഭ.
മുംബൈയിൽ നടന്ന റിയലൻസ് ഡെവലപ്പ്മെന്റ് ലീഗിൽ മുത്തൂറ്റ് എഫ്സിക്ക് വേണ്ടി കളിച്ചാണ് പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. പ്രതിരോധ നിരയിൽ എതിരാളിയുടെ ചടുല നീക്കങ്ങൾക്ക് കടിഞ്ഞാണിടുന്ന ഈ ചെറുപ്പക്കാരൻ മികച്ച പ്രകടനമാണ് എല്ലാ മത്സരങ്ങളിലും പുറത്തെടുത്തത്.
മദ്രസാ അധ്യാപകനായ പിതാവ് പരവക്കൽ ഹുസൈൻ പ്രദേശത്തെ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിതാവിന്റെ പാത പിന്തുടർന്നാണ് ഈ യുവാവ് കാൽപന്ത് കളിയുടെ ലോകത്ത് എത്തിയത്. തലപ്പുഴ സ്പോർട്ടിംഗ് അക്കാദമിയിലെ കോച്ച് അബ്ദുൾ റസാഖിന്റെ ശിക്ഷണത്തിലാണ് കളി അഭ്യസിച്ചത്. പ്രഫഷണൽ രംഗത്ത് ബിബി തോമസായിരുന്നു അസ്ലമിന്റെ പരിശീലകൻ.
വടക്കേ വയനാടിൽനിന്നു ആദ്യമായാണ് ഒരു താരം സന്തോഷ് ട്രോഫിയിൽ ഇടം നേടുന്നത്. ജില്ലയിൽ നിന്നു അസ്ലമിന് മാത്രമാണ് ഈ വർഷം കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.