മുണ്ടക്കൈ, ചൂരൽമല ടൗണ്‍ഷിപ്പ് പദ്ധതി: ഗുണഭോക്താക്കളുടെ കരട് പട്ടിക തയാറാകുന്നു
1485104
Saturday, December 7, 2024 5:15 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട്പട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് പുനരധിവാസത്തിന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക തയാറാക്കുന്നതിനുള്ള ചുമതല മാനന്തവാടി സബ് കളക്ടർക്കാണ്. പട്ടിക തയാറാക്കുന്നതിന് പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷൻ കാർഡ് ജിയോറഫറൻസ് പ്രാഥമിക വിവരമായി കണക്കാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഹരിതമിത്രം ആപ്പ്, കെഎസ്ഇബി എന്നിവയുടെ ഗുണഭോക്തൃ ജിയോറഫറൻസ് വിവരങ്ങൾ, റാപ്പിഡ് വിഷ്വൽ സ്ക്രീനിംഗ് വിവരങ്ങൾ, സർക്കാർ അനുവദിച്ച വീട്ടുവാടക കൈപ്പറ്റിയവരുടെ വിവരങ്ങൾ, സർക്കാർ ക്വാട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിച്ചവരുടെ വിവരങ്ങൾ, പാടികളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാണ് പട്ടിക തയാറാക്കുക.
സബ് കളക്ടർ തയാറാക്കുന്ന ഈ പട്ടിക, മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതർ നിലവിൽ തയാറാക്കിയിട്ടുള്ള പട്ടികുമായി ഒത്തുനോക്കും. അതിൽ ഒഴിവാക്കപ്പെട്ടതും അധികമായി ഉൾപ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിൽനിന്നു ലഭ്യമാക്കി ആവശ്യമായ പരിശോധനകൾക്കുശേഷം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അന്തിമ കരട് പട്ടിക തയാറാക്കുകയുമാണ് ചെയ്യുക.
കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷണൽ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാക്കും.
പ്രസിദ്ധീകരിച്ച പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൽ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് സജ്ജീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കകം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും subcolletcor [email protected] എന്ന ഇമെയിലിലും സ്വീകരിക്കും. ഓഫീസുകളിലും ഓണ്‍ലൈനായും സ്വീകരിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും കൈപ്പറ്റ് രസീത് നൽകും.
കരട് പട്ടികയിലെ ആക്ഷേപങ്ങളിൻമേൽ സബ് കളക്ടർ സ്ഥലപരിശോധന നടത്തിയ ശേഷം റിപ്പോർട്ട് തയാറാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. തുടർന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പരാതിക്കാരെ നേരിൽകണ്ട് ആക്ഷേപത്തിൽ തീർപ്പ് കൽപ്പിക്കും. ആക്ഷേപങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി മുതൽ 30 ദിവസത്തിനകം ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും സർക്കാരിലെ ദുരന്തനിവാരണ വകുപ്പിൽ നൽകണം.