കൽപ്പറ്റ നഗരസഭയിലെ മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ: 19.11 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി
1485103
Saturday, December 7, 2024 5:15 AM IST
കൽപ്പറ്റ: കേന്ദ്രാവിഷ്കൃത അമൃത് 2.0 പദ്ധതിയിൽ നഗരസഭ എല്ലാ ഡിവിഷനുകളിലെയും മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്നു. ഈ പദ്ധതിക്ക് 19.11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി. സിദ്ദിഖ് എംഎൽഎയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കെയെംതൊടി, എ.പി. മുസ്തഫ, ആയിഷ പള്ളിയാലിൽ, രാജാറാണി എന്നിവർ അറിയിച്ചു.
സംസ്ഥാനത്ത് സൗജന്യ കുടിവെള്ള കണക്ഷൻ പദ്ധതി നടപ്പാക്കുന്ന ആദ്യ നഗരസഭയാണ് കൽപ്പറ്റ. നഗരസഭാപരിധിയിൽ നിലവിൽ കുടിവെള്ള കണക്ഷൻ ഇല്ലാത്ത 5,000ൽപരം വീട്ടുകാരുണ്ട്. ഇവർക്കാണ് സാന്പത്തികാവസ്ഥ പരിഗണിക്കാതെ കണക്ഷൻ നൽകുക. വാട്ടർ ചാർജ് ഗുണഭോക്താക്കൾ അടയ്ക്കണം. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28 ഡിവിഷനുകളിലായി കാലപ്പഴക്കം ചെന്ന 65 കിലോമീറ്റർ ജലവിതരണക്കുഴൽ മാറ്റിസ്ഥാപിക്കും.
ഉയർന്ന പ്രദേശമായ മൂവട്ടിക്കുന്നിൽ 50,000 ലിറ്റർ ശേഷിയിൽ സംഭരണിയും ഏഴ് കിലോമീറ്റർ വിതരണക്കുഴലും സ്ഥാപിച്ച് ജലം എത്തിക്കും. റാട്ടക്കൊല്ലിമലയിലെ ഉൾപ്രദേശങ്ങൾ, പൊന്നട, നെടുനിലം എന്നിവിടങ്ങളിലുള്ളവരെയും പദ്ധതി ഗുണഭോക്താക്കളാക്കും.
കാരാപ്പുഴയിലെ 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാല, റോ വാട്ടർ പന്പിംഗ് സ്റ്റേഷൻ, 11കെവി ഇൻഡോർ സബ്സ്റ്റേഷൻ, ഗൂഡലായ്ക്കുന്ന് ബൂസ്റ്റർ പന്പിംഗ് സ്റ്റേഷൻ, കൽപ്പറ്റ റസ്റ്റ് ഹൗസ്, എമിലി, ഗൂഡലായ്ക്കുന്ന് ജലസംഭരണികൾ എന്നിവയുടെ നവീകരണം, കാരാപ്പുഴയിൽ 270 എച്ച്പി ശേഷിയുള്ള വെർട്ടിക്കൽ ടർബൈൻ മോട്ടോർ പന്പ് സെറ്റ് സ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തും.