ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിൽ വീണ്ടും
1485102
Saturday, December 7, 2024 5:15 AM IST
മാനന്തവാടി: അപകടകാരിയായ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം വയനാട്ടിൽ വീണ്ടും ആശങ്കയ്ക്കിടയാക്കുന്നു. കുറുക്കൻമൂലയിൽ റോഡരികിലാണ് ഒച്ചിനെ കണ്ടെത്തിയത്. കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം ജില്ലയിൽ അടിക്കടി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2016 ലാണ് ചുള്ളിയോട് ജില്ലയിൽ ആദ്യമായി ഭീമൻ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തിയതായി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.
2024 ജൂണിൽ കൊയിലേരി ബാബു ഫിലിപ്പിന്റെ കൃഷിയിടത്തിലും മാസങ്ങൾക്കുമുന്പ് തരിയോട് പഞ്ചായത്ത് ഏഴാം വാർഡിലെ തുറവേലിക്കുന്ന് ക്രിസ്റ്റഫറിന്റെ കൃഷിയിടത്തിലും ഒച്ചിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
ലോകത്തെ 100 അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷിക ലോകത്തെയും ജൈവവൈവിധ്യത്തെയും വിറപ്പിക്കാൻ മഴക്കാലത്താണ് സാധാരണ എത്തുക. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവ മുട്ടയിട്ടു പെരുകുകയും ചെയ്യും. 1847ൽ പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലാദ്യമായി ഇവയെ കണ്ടുതുടങ്ങിയത്. 1970കളിൽ പാലക്കാട്ടെത്തി. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതലാണ് കേരളത്തിലങ്ങോളമിങ്ങോളം ഈ ഒച്ചുകളെ കണ്ടുതുടങ്ങിയത്. ആറുമുതൽ 10 വർഷംവരെ ജീവിച്ചിരിക്കും. പൂർണ വളർച്ചയെത്തിയ ഒച്ചിന് 20 സെന്റിമീറ്റർ വരെ നീളവും 250 ഗ്രാം തൂക്കവും ഉണ്ടാകും.
കേരളത്തിലെ പല സ്ഥലങ്ങളിലും ഇവയുടെ ആക്രമണം മൂലം വലിയ കൃഷിനാശം സംഭവിച്ചുട്ടുണ്ട്. കാർഷിക ലോകത്തിനും ജൈവവൈവിധ്യ മേഖലയിലും ഇവ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.
മനുഷ്യരിൽ രോഗങ്ങൾക്കും കാരണമാകാറുണ്ട്. ഇവയുടെ സാന്നിധ്യം കണ്ടെത്തിയാൽ കല്ലുപ്പ് കലർന്ന വെള്ളം ഉപയോഗിച്ച് നശിപ്പിച്ച് കളയുകയാണ് ഉത്തമമായ മാർഗമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ജന്തു ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.പി.കെ. പ്രസാദൻ അറിയിച്ചു.