മാനന്തവാടി എസ്എച്ച് നിർമല പ്രൊവിൻസിലെ സന്യാസിനികൾ മുനന്പം സമരപ്പന്തൽ സന്ദർശിച്ചു
1485099
Saturday, December 7, 2024 5:15 AM IST
കൽപ്പറ്റ: മാനന്തവാടി എസ്എച്ച് നിർമല പ്രൊവിൻസിലെ സന്യാസിനികൾ മുനന്പം സമരപ്പന്തൽ സന്ദർശിച്ചു. വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു സന്ദർശനം. മുനന്പം ജനതയ്ക്ക് സ്വന്തം വസ്തുവിലുള്ള എല്ലാ അവകാശങ്ങളും അനുവദിക്കുക, പൗരൻമാരുടെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, മുനന്പം ജനത അനുഭവിക്കുന്ന ഗൂഢ നിയമക്കുരുക്ക് ലോകത്തെ അറിയിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സന്യാസിനികൾ മുനന്പത്തേക്ക് പുറപ്പെട്ടത്.
എസ്എച്ച് സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ജനറൽ കൗണ്‍സിലർ സിസ്റ്റർ ആൻസി പോൾ സമരപ്പന്തലിൽ പ്രസംഗിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നിവ പൗരൻമാർക്ക് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണെന്ന് അവർ പറഞ്ഞു. ഒരായുസിൽ നേടിയ വസ്തുവകകൾ നഷ്ടപ്പെടുന്നത് മരണത്തിനു തുല്യമാണ്. തലമുറയ്ക്കുവേണ്ടി സന്പാദിച്ചത് ഒരിക്കലും നഷ്ടപ്പെടാൻ അനുവദിക്കരുത്. രാജ്യത്ത് ഒരിടത്തും മുനന്പം ആവർത്തിക്കാൻ പാടില്ലെന്നും സിസ്റ്റർ പറഞ്ഞു. പ്രൊവിൻസ് വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ മേഴ്സി മാനുവൽ, കൗണ്‍സിലർ സിസ്റ്റർ ബിൻസി, സിസ്റ്റർ ലൂസി തറപ്പത്ത്, സിസ്റ്റർ ദിവ്യ വട്ടുകുളം, ആന്റണി മണവാളൻ എന്നിവരും പ്രസംഗിച്ചു.