മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മൂന്നു വയസുകാരൻ മരിച്ചു
1484961
Friday, December 6, 2024 10:24 PM IST
സുൽത്താൻ ബത്തേരി: മുത്തച്ഛനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മൂന്നു വയസുകാരൻ മരിച്ചു. നായ്ക്കട്ടി നിരപ്പത്ത് രഹീഷ്-അഞ്ജന ദന്പതികളുടെ മകൻ ദ്രുപദാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബീനാച്ചിയിലാണ് അപകടം.
അഞ്ജനയുടെ പിതാവ് മോഹൻദാസ് ബീനാച്ചിയിലെ കടയിൽനിന്നു പലവ്യഞ്ജനങ്ങൾ വാങ്ങി ദ്രുപദിനെയും എടുത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്തുനിന്ന് എത്തിയ ബൈക്കാണ് തട്ടിയത്. ഇടിയുടെ ആഘാതത്തിൽ മോഹൻദാസും ദ്രുപദും തെറിച്ചുവീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദ്രുപദിനെ രക്ഷിക്കാനായില്ല.
മോഹൻദാസിനു പരിക്കുണ്ട്. ബീനാച്ചിയിലാണ് അഞ്ജനയുടെ തറവാട്. മണ്ഡലകാല പൂജയുമായി ബന്ധപ്പെട്ട് ബീനാച്ചിയിൽ എത്തിയതായിരുന്നു രഹീഷും കുടുംബവും. സഹോദരൻ: ദീക്ഷിത്.