"ഇടപെടാം സന്തോഷത്തോടെ’ പ്രത്യേക പരിശീലന പരിപാടി ഒന്പതിന് ആരംഭിക്കും
1484773
Friday, December 6, 2024 4:37 AM IST
സുൽത്താൻ ബത്തേരി: വൈഎംസിഎയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന ഇടപെടാം സന്തോഷത്തോടെ’ പ്രത്യേക പരിശീലന പരിപാടി ഒന്പതിന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയിലെ ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, ഭക്ഷണ വിതരണക്കാർ, കച്ചവടക്കാർ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, തൊഴിൽരഹിതർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന എല്ലാ വിഭാഗക്കാർക്കും ദിവസം രണ്ടു മണിക്കൂർ വീതമുള്ള മൊത്തം 80 മണിക്കൂർ ദൈർഘ്യമുള്ള 40 ദിവസത്തെ സൗജന്യ പരിശീലന പരിപാടിയാണ് ഇടപെടാം സന്തോഷത്തോടെ’.
ഇതിന്റെ ഭാഗമായി സൗജന്യ സ്പോക്കണ് ഇംഗ്ലീഷ് പരിശീലനം, സൗമ്യമായ പെരുമാറ്റം, സുഗമമായ ആശയവിനിമയം, മന്ദഹാസ സമീപനം, നല്ല ഭാഷാപ്രയോഗം, വ്യക്തിത്വ വികസനം എന്നിവയും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
3000 രൂപ മുതൽ 5000 രൂപവരെ ചെലവ് വരുന്ന കോഴ്സുകളാണ് സൗജന്യമായി പഠിക്കുന്നത്. വൈഎംസിഎയുടെ ട്രെയിനിംഗ് പാർട്ണറായ കെസി ടെസ്റ്റ് പ്രസ് അക്കാദമിയാണ് പരിശീലനം നൽകുന്നത്. രാവിലെ ഏഴ്, 9.30, 12, 2.30, വൈകുന്നേരം ആറ് സമയങ്ങളിൽ ബാച്ചുകൾ ഉണ്ടായിരിക്കും.
പരിശീലനത്തിന് സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കാം. പ്രായപരിധി ഇല്ല. താത്പര്യമുള്ളവർ പേര്, മേൽ വിലാസം, തൊഴിൽ, വാട്ട്സ് അപ്പ് നന്പർ, അനുയോജ്യമായ സമയം എന്നിവ വാട്ട്സ് ആപ് ചെയ്യണം. ഫോണ്: 9447229444. വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, വൈഎംസിഎ പ്രസിഡന്റ് രാജൻ തോമസ്, സെക്രട്ടറി എൻ.വി. വർക്കി, ട്രഷറർ കെ.പി. എൽദോസ് എന്നിവർ പങ്കെടുത്തു.