യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്
1484771
Friday, December 6, 2024 4:37 AM IST
കൽപ്പറ്റ: യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ ജില്ലാ കോണ്‍ഗ്രസ് ജനറൽ ബോഡിയോഗം തീരുമാനിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ അവഗണനയ്ക്കെതിരേ നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെയാണ് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് അതിക്രൂരമായ മർദിച്ചത്. പോലീസിനുള്ളിലെ ഇടതു, സംഘപരിവാർ ഗുണ്ടകളാണ് ഇതിന് നേതൃത്വം നൽകിയത്. യൂത്ത്കോണ്‍ഗ്രസ് നേതാക്കളിൽ പലരെയും പേര് വിളിച്ച് മുൻകൂർ വൈരാഗ്യമുള്ളതുപോലെയാണ് മർദനത്തിനിരയാക്കിയത്. ഈ പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു.
ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉൾപ്പെടെ നടപ്പാക്കുന്നതിനായി സാന്പത്തിക സഹായം ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിലെ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടത് യോഗം സ്വാഗതം ചെയ്തു. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് വയനാട് ദുരന്തം അതീവഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്താൻ തയാറായതെന്നും യോഗം ചൂണ്ടിക്കാട്ടി.
രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ ചെയ്തതുപോലെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരെ സുപ്രീംകോടതിയിലെ കേസിന്റെ ചുമതല ഏൽപിക്കാൻ കേരള സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി. സിദ്ദിഖ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.ഇ. വിനയൻ, സി.പി. വർഗീസ്, കെ.വി. പോക്കർഹാജി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ, എം.ജി. ബിജു, നജീബ് കരണി, ബിനു തോമസ്, പി.വി. ജോർജ്, ഒ.ആർ. രഘു, സിൽവി തോമസ്, ബീന ജോസ്, പി.കെ. അബ്ദുറഹ്മാൻ, ശ്രീകാന്ത് പട്ടയൻ, പോൾസണ്‍ കൂവക്കൽ, ഉമ്മർകുണ്ടാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.