ജില്ലയിൽ ബി ടു ബി മീറ്റ് നടത്തും
1484768
Friday, December 6, 2024 4:37 AM IST
കൽപ്പറ്റ: ജില്ലയിൽ കർഷകരുടെ വിളകളും മൂല്യവർധിത ഉത്പന്നങ്ങളും വ്യാപാര മേഖലയെ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനുമായി ബി ടു ബി മീറ്റ് നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വയനാട് പാഡി പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ മില്ലറ്റ് കഫേ മീനങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാർഷിക മേഖലയിലെ ഉത്പാദകരെയും ഉത്പന്നങ്ങൾ സംഭരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചാണ് ബി ടു ബി മീറ്റ് സംഘടിപ്പിക്കുക. കാർഷിക മേഖലയിൽ സമഗ്രമായ പുരോഗതിയാണ് കൊണ്ടുവരാൻ പോകുന്നത്. ഇതിനായി ലോക ബാങ്കിന്റെ സഹായത്തോടുകൂടി 2365 കോടി രൂപ കാർഷിക മേഖലയിൽ വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. റിട്ട. ഹവിൽദാർ ബാബു കാക്കവയൽ, കർഷകൻ പള്ളിയറ രാമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. പാഡി പ്രൊഡ്യൂസർ കന്പനി ചെയർമാൻ പി.കെ. അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദു പദ്ധതി വിശദീകരണം നടത്തി.