വായ്പ തിരിച്ചടവ് മുടങ്ങിയ കർഷകർക്കെതിരേ നിയമ നടപടിയുമായി ബാങ്കുകൾ
1484767
Friday, December 6, 2024 4:37 AM IST
പുൽപ്പള്ളി: വായ്പാ കുടിശിക മുടങ്ങിയ കർഷകരുടെ പേരിൽ ബാങ്കുകൾ നിയമ നടപടികളുമായി മുന്നോട്ടുപോകുന്നത് കർഷകരെ വീണ്ടും ആശങ്കയിലാക്കുന്നു. നാല് മാസം മുന്പ് ജപ്തി നടപടികളുമായി ബാങ്കുകൾ കർഷകരുടെ കൃഷിയിടങ്ങൾ ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതിനേത്തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തിയിരുന്നു.
ഇതോടെ താത്കാലികമായി ബാങ്കുകൾ നിർത്തിവച്ചിരുന്ന ജപ്തി നടപടികളാണ് വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ദിവസം മുള്ളൻകൊല്ലി പഞ്ചായത്തിലെ സുരഭിക്കവലയിൽ കേരളാ ബാങ്ക് ജപ്തി നടപടികളുമായി ബന്ധപ്പെട്ട് കർഷകന്റെ കൃഷിയിടത്തിൽ ബാനർ സ്ഥാപിച്ചു. കാർഷിക വിളവെടുപ്പ് സീസണ് വരെ കാലവധി ചോദിച്ചിട്ടും അതിന് സാവാകാശം നൽകാതെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത്.
ബാങ്കുകൾ ഇപ്പോൾ വായ്പാകുടിശികയുള്ള കർഷകരുടെ വീടുകളിലെത്തി വായ്പ പുതുക്കുകയോ അടച്ചുതീർക്കുകയോ ചെയ്യാത്ത പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാട് കർശനമാക്കിയതോടെ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് കുടിയേറ്റ മേഖലയിലെ കർഷകർ. വായ്പയെടുത്ത കർഷകർക്ക് പലിശയും കൂട്ടുപലിശയും ഉൾപ്പെടെ വൻതുകയാണ് കുടിശികയായിട്ടുള്ളത്. എന്നാൽ, സാന്പത്തിക പ്രതിസന്ധിമൂലം ഈ സാഹചര്യത്തിൽ വായ്പ ഒരു കാരണവശാലും അടക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ.