കാർഷിക ഉത്പന്നങ്ങൾക്ക് അടിസ്ഥാന വില ലഭ്യമാക്കും: മന്ത്രി
1484766
Friday, December 6, 2024 4:37 AM IST
കൽപ്പറ്റ: നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താൻ കർഷകർ സംരക്ഷിക്കപ്പെടണം. ഇതിനായി കാർഷിക ഉത്പന്നങ്ങൾക്കെല്ലാം അടിസ്ഥാനവില ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷി വകുപ്പിന്റെ പത്ത് ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്പൈസസ് ആൻഡ് അഗ്രോ ഫാർമസ് പ്രൊഡ്യൂസർ കന്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ’കേരളാഗ്രോ’ ബ്രാൻഡ് സ്റ്റോറും കിസാൻ മേളയും വൈത്തിരിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽ കർഷകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാർഷിക ഉത്പന്നങ്ങൾക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്.
ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകൾ മൂലം ലാഭകരമായി കൃഷി ചെയ്യാൻ പലപ്പോഴും കൃഷിക്കാർക്ക് സാധിക്കാറില്ല. കാർഷിക വിഭവങ്ങൾ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തതുകൊണ്ട് ഈ അവസ്ഥയെ ഇടനിലക്കാർ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികൾച്ചറൽ മിഷൻ എന്ന പദ്ധതിക്ക് സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. കാർഷികോത്പന്നങ്ങളെ മൂല്യ വർധിത ഉത്പന്നങ്ങൾ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാന്പത്തിക സാങ്കേതിക സഹായങ്ങളും നൽകി കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കേരളഗ്രോ എന്ന ബ്രാൻഡിൽ ഏതൊരു കർഷകനും തന്റെ കാർഷിക ഉത്പന്നങ്ങളെ ഗുണമേൻമയുള്ള മൂല്യ വർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനം സർക്കാർതലത്തിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നിലവിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജില്ലയിലെ മികച്ച കർഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആദ്യ വിൽപന നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് പദ്ധതി വിശദീകരിച്ചു.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പിജിഎസ് ജൈവ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വയനാട് സ്പൈസസ് ആൻഡ് ആഗ്രോ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ഡയറക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.